കോഴിക്കോട്: ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു മാധ്യമങ്ങൾക്കു മുന്പിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനമുന്നയിച്ച സംഭവത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാർക്ക് മുട്ടൻ പണി നൽകാൻ മേലധികാരികൾ.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആൾ മുഖ്യമന്ത്രിക്കെതിരേ പ്രതികരിച്ചത് വലിയ പ്രധാന്യത്തോടെ മാധ്യമങ്ങളിൽ വാർത്ത വന്നതാണ് ആഭ്യന്തര വകുപ്പിനെ ചൊടിപ്പിച്ചത്.
കോടതി പരിസരത്തുവച്ച് വാർത്താസമ്മേളനം പോലെ ഗ്രോ വാസു മാധ്യമ പ്രവർത്തകരോടു സംസാരിച്ചുവെന്നും ഇത് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ പ്രതികരിച്ചു.
“പിണറായി ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണെന്ന് ജനം വിചാരിക്കുന്നു. എന്നാൽ പിണറായിയാണ് ഏറ്റവും വലിയ കോർപ്പറേറ്റ്. ഇക്കാര്യം ജനം മനസിലാക്കുന്നില്ല’ എന്നായിരുന്നു ഗ്രോ വാസുവിന്റെ ആരോപണം.
സംഭവത്തിൽ പോലീസിന് സുരക്ഷാ വീഴ്ചയുണ്ടായിയെന്ന നിഗമനത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ, കുന്നമംഗലം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് നടപടിയുടെ നിഴലിലുള്ളത്.
മാവോയിസ്റ്റുകൾ പോലീസിന്റെ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച കേസിലാണ് ഗ്രോ വാസു റിമാൻഡിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസം ഗ്രോ വാസുവിനെ കുന്നമംഗലം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് അദേഹം മാധ്യമ പ്രവർത്തകരോടു സംസാരിച്ചത്.
കോടതി ജാമ്യം അനുവദിച്ചിട്ടും പിഴ അടച്ച് നിയമനടപടിയിൽനിന്ന് ഒഴിവാകാൻ തയാറാകാതിരുന്നതോടെ ജൂലൈ അവസാന വാരം ഗ്രോ വാസുവിനെ കോടതി 11 വരെ റിമാൻഡ് ചെയ്തിരുന്നു.
റിമാൻഡ് കാലാവധി കഴിഞ്ഞതിനാൽ വീണ്ടും കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് ഗ്രോ വാസു മാധ്യമ പ്രവർത്തകരോട് സംസാരിച്ചത്.