ചാത്തന്നൂർ: മട്ടുപ്പാവിൽ മണ്ണില്ലാ കൃഷിയൊരുക്കി ചാത്തന്നൂർ കൃഷിഭവനിലെ ആഗ്രോ സർവീസ് സെന്റർ’. ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ മട്ടുപ്പാവിൽ 350 ഗ്രോബാഗുകളിലാണ് മണ്ണില്ലാ കൃഷി. മണ്ണ് ഉപയോഗിക്കാതെയുള്ള കൃഷി സമ്പ്രദായത്തിൽ ചകിരിച്ചോറ്, ചാണകപ്പൊടി, ന്യൂസ് പേപ്പർ എന്നിവയാണ് ഗ്രോബാഗുകളിൽ നിറയ്ക്കുന്നത്.
തിരി നനരീതിയിലാണ് ജലസേചനം നടത്തുന്നത്.20 മുതൽ 35 സെന്റീമീറ്റർ നീളത്തിൽ തുണി എടുത്ത് കുഴൽ രൂപത്തിൽ തുന്നി എടുക്കും. അതിൽ ചകിരി ചോറ് കമ്പോസ്റ്റ് നിറയ്ക്കും. ഇതാണ് തിരി നനയ്ക്കുള്ള സംവിധാനം. ഇത് മൂന്നിഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പിന് മുകളിൽ ചെറിയ സുഷിരങ്ങളുണ്ടാക്കി അതിൽ ഉറപ്പിക്കും. ഗ്രോബാഗിന്റെ ചുവടു തുളച്ചുണ്ടാക്കിയ സുഷിരത്തിലൂടെ തിരി കടത്തിവിടും.
പൈപ്പിൽ വെള്ളം നിറയ്ക്കുമ്പോൾ ഇത് കമ്പോസ്റ്റ് നിറച്ച തിരിയിലൂടെ ഗ്രോബാഗിലെ മിശ്രിതത്തിനാവശ്യമായ ജലം ലഭ്യമാക്കും. പൈപ്പിൽ വെള്ളം നിറച്ച ഗ്രോബാഗിലെ ചെടി ഒരാഴ്ചയോളം വാട്ടം വരാതെ നില്കും .വാട്ടർ സേവിംഗ്സ് ടെക്നോളജിയിലൂടെ സാധാരണ ഗ്രോബാഗിലെ ചെടിക്ക് നല്കേണ്ടി വരുന്ന ജലത്തിന്റെ നാലിലൊരു ഭാഗം മാത്രം മതി എന്നതാണ് ഇതിന്റെ മേന്മ.
മഴ പെയ്യുമ്പോൾ ഗ്രോബാഗിൽ നിറയുന്ന ജലം ടെറസ്സിൽ വീഴാതെ പൈപ്പിൽ ശേഖരിക്കപ്പെടുകയും ചെയ്യും.ഇത് മട്ടുപ്പാവിൽ വെള്ളം കെട്ടി നില്ക്കുന്നത് തടയും.സാധാരണ ഗ്രോബാഗിനെക്കാൾ ഭാരം കുറവാണെന്നതിനാൽ (അഞ്ച് കിലോ ഭാരം മാത്രം) യഥേഷ്ടം മാറ്റി സ്ഥാപിക്കാനും കഴിയും.മണ്ണ് ഉപയോഗിക്കാത്തതിനാൽ ഇങ്ങനെ വളർത്തുന്ന ചെടികൾക്ക് മണ്ണിലുടെ ഉണ്ടാകുന്ന രോഗങ്ങളും പിടിപെടില്ല.
ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷന്റെ മട്ടുപ്പാവിൽ തുടങ്ങിയ മണ്ണില്ലാ കൃഷി ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം ഡി.ഗിരി കുമാർ, ഗ്രാമ പഞ്ചായത്തംഗം ഷീജ, കൃഷി അസി.ഡയറക്ടർ ഷിബുകുമാർ, കൃഷി ഓഫീസർ എം.എസ്.പ്രമോദ് എന്നിവർ പങ്കെടുത്തു.
ചാത്തന്നൂർ കൃഷിഭവന്റെ ആഗ്രോ സർവീസ് സെന്ററിൽ നിന്നും വീടുകളിൽ മണ്ണില്ലാ കൃഷി നടത്തുന്നതിനുള്ള സേവനം ലഭിക്കുമെന്ന് കൃഷി ഓഫീസർ എം.എസ്.പ്രമോദ് അറിയിച്ചു.50 ഗ്രോബാഗുള്ള ഒരു യൂണിറ്റിന് 12500 രൂപയാണ് ചിലവ് വരുന്നത്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 75 ശതമാനം സബ്സിഡി നിരക്കിൽ 50 വീടുകളിൽ മണ്ണില്ലാ കൃഷിനടത്തുന്നതിനുള്ള പ്രവർത്തനം തുടങ്ങി കഴിഞ്ഞു. ഗ്രാമ പഞ്ചായത്തുകൾ തയാറാവുകയാണെങ്കിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്നും കൃഷി ഓഫീസർ അറിയിച്ചു.