ന്യൂഡൽഹി: വിവാഹ ഘോഷയാത്രക്കിടെ വരനെ വെടിവച്ച സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതക ശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആക്രമികൾ വന്ന ബൈക്ക് പോലീസ് കണ്ടെത്തിയിരുന്നു. തെക്കൻ ഡൽഹിയിലെ മദൻഗീറിൽ തിങ്കളാഴ്ച രാത്രിയിലാണു സംഭവമുണ്ടായത്.
ബാദൽ എന്ന 25കാരന്റെ വിവാഹ ഘോഷയാത്രക്കിടയിലേക്ക് പാഞ്ഞു കയറിയ അജ്ഞാതരായ രണ്ട് അക്രമികൾ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വാദ്യഘോഷങ്ങൾക്കും നൃത്തസംഘങ്ങൾക്കുമൊപ്പം കുതിരവണ്ടിയിലായിരുന്നു ബാദൽ. ഈ സമയം ബൈക്കിൽ പാഞ്ഞെത്തിയ അക്രമികൾ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ ബാദൽ കുതിരവണ്ടിയിൽ നിന്നു താഴെ വീണു. എന്താണ് സംഭവിച്ചതെന്ന് ആദ്യം ആർക്കും മനസിലായില്ല.
വെടി പൊട്ടുന്ന ശബ്ദം മാത്രമാണ് കേട്ടത്. വലതു തോളിൽ നിന്നു രക്തം ചീറ്റിയൊഴുകിയപ്പോഴാണ് തനിക്ക് വെടിയേറ്റുവെന്ന് മനസിലായതെന്ന് ബാദൽ പറഞ്ഞു. വിവാഹ മണ്ഡപത്തിന് 400 മീറ്റർ അകലെ വച്ചാണ് അക്രമണം. ആക്രമികൾ തത്ക്ഷണം രക്ഷപ്പെട്ടു.
ആശുപത്രിയിലെത്തിച്ച ബാദൽ മൂന്നു മണിക്കൂർ ചികിത്സയ്ക്കുശേഷം വിവാഹ മണ്ഡപത്തിലെത്തി വധുവിന് താലി ചാർത്തി. പിന്നീട് വീണ്ടും ആശുപത്രിയിലെത്തി ശസ്ത്രക്രിയ നടത്തിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിജയ് കുമാർ പറഞ്ഞു. വലതു തോളിലെ എല്ലുകൾക്കിടയിലായാണ് വെടിയുണ്ട തറച്ചുകയറിയത്. അക്രമികളാരെന്നോ ഇതിനു പിന്നിലെ കാരണമെന്തെന്നോ ഇയാൾക്കോ ബന്ധുക്കൾക്കോ അറിയില്ലെന്നു പോലീസ് പറയുന്നു.