രാജ്യത്ത് സ്ത്രീധന സമ്പ്രദായം തടയാൻ നിയമങ്ങളുണ്ടെന്നാലും യഥാർഥ മാറ്റം അവനവനിൽ നിന്നുമാണ് തുടങ്ങേണ്ടത്. ഇത്തരത്തിൽ രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ദന്ത രാംഗഢിലെ ജയ് നാരായണൻ ജഖർ എന്ന വരൻ വധുവിൽ നിന്ന് സ്ത്രീധനം സ്വീകരിക്കാതെ ധീരമായ ഒരു ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്.
ജോലി ലഭിച്ച ശേഷം സമ്പാദിക്കുന്ന വരുമാനം മാതാപിതാക്കൾക്ക് അയച്ചുകൊടുക്കാനാണ് ഇയാൾ ഭാര്യയോട് അവശ്യപ്പെട്ടത്. സ്ത്രീധനരഹിതമായ ഈ വിവാഹത്തിന് സംസ്ഥാനമൊട്ടാകെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.
വരൻ ജയ് നാരായൺ ജാഖർ പൊതുക്ഷേമ വകുപ്പിൽ ജൂനിയർ എഞ്ചിനീയറായി (ജെഇ) ജോലി ചെയ്യുകയാണ്. വധു അനിത വർമ ബിരുദാനന്തര ബിരുദധാരിയാണ്. അനിതയുടെ മാതാപിതാക്കളാണ് അവളെ നന്നായി വളർത്തിയതെന്നും ബിരുദാനന്തര ബിരുദം നേടാൻ സഹായിച്ചെന്നും വരൻ പറഞ്ഞു. വിദ്യാഭ്യാസം നേടുന്നത് ഇന്നത്തെ കാലത്ത് സമ്പത്തിനേക്കാൾ കുറവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്ത്രീധന രഹിത വിവാഹമാണ് വരന്റെ വീട്ടുകാർ ആദ്യം നിർദേശിച്ചത് എന്ന് അനിതയും വ്യക്തമാക്കി.
“എന്റെ മുത്തച്ഛന്റെയും അച്ഛന്റെയും പ്രചോദനത്താൽ, സമൂഹത്തിൽ നിലനിൽക്കുന്ന ഈ ദുരാചാരം അവസാനിപ്പിക്കാൻ സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാൻ ഞാൻ തീരുമാനിച്ചു. ഈ തീരുമാനത്തിൽ എന്റെ കുടുംബാംഗങ്ങൾ എന്നെ പൂർണമായി പിന്തുണച്ചു,” നാരായണന്റെ വാക്കുകൾ ഇങ്ങനെ…
ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം താൻ സർക്കാർ ജോലിക്ക് തയ്യാറെടുക്കുകയാണെന്നാണ് അനിത പറയുന്നത്. സർക്കാർ ജോലി ലഭിച്ചാൽ ഒരു വർഷത്തെ ശമ്പളം മാതാപിതാക്കൾക്ക് നൽകാനാണ് അവരുടെ തീരുമാനവും.
ദന്ത രാംഗഡ് എംഎൽഎ വീരേന്ദ്ര സിംഗും വധൂവരന്മാരുടെ ഈ തീരുമാനത്തെ പ്രശംസിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീധനം എന്ന ദുരാചാരം തുടച്ചുനീക്കാനുള്ള നല്ല ചുവടുവയ്പ്പാണെന്ന് ഈ പ്രവൃത്തിയെന്ന് വിവാഹത്തിൽ പങ്കെടുത്ത എംഎൽഎ പറഞ്ഞു.