വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം കാണാതായ വരനെ രണ്ടാഴ്ചയ്ക്കു ശേഷവും കണ്ടെത്താനാകാഞ്ഞതിനെത്തുടര്ന്ന് വരനെതിരേ പരാതി നല്കി വധു.
ട്രാഫിക് ബ്ലോക്കില് കുടുങ്ങിയ സമയത്ത് വരന് കാറില് നിന്ന് ഇറങ്ങിയോടി കടന്നുകളയുകയായിരുന്നു. എന്നാല് രണ്ടാഴ്ച കഴിഞ്ഞിട്ടും വരനെ കണ്ടെത്താന് കഴിയാതിരുന്ന സാഹചര്യത്തിലാണ് വധു പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്.
വധുവിന്റെ പരാതിയില് തെരച്ചില് ആരംഭിച്ചതായി പോലീസ് പറയുന്നു. ബംഗളൂരുവില് ഫെബ്രുവരി 16നായിരുന്നു സംഭവം. തൊട്ടുമുന്പത്തെ ദിവസമായിരുന്നു വിവാഹം.
പള്ളിയില് പോയി തിരിച്ചുപോകുമ്പോള് കാര് ട്രാഫിക് ബ്ലോക്കില് കുടുങ്ങി. ഈസമയത്താണ് വരന് കാറില് നിന്ന് ഇറങ്ങിയോടി കടന്നുകളഞ്ഞതെന്ന് പരാതിയില് പറയുന്നു.
മുന്സീറ്റിലിരുന്ന യുവാവ് കാറിന്റെ ഡോര് തുറന്ന് പുറത്ത് കടന്ന ശേഷം ഉടന് തന്നെ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
വരന്റെ പിന്നാലെ ഓടിയെങ്കിലും പിടികൂടാന് സാധിച്ചില്ലെന്നും വധുവിന്റെ പരാതിയില് പറയുന്നു.
മുന് കാമുകി തന്നെ ബ്ലാക്ക് മെയില് ചെയ്യുന്നതായി കല്യാണത്തിന് മുന്പ് തന്നെ വരന് തന്നോട് പറഞ്ഞിരുന്നതായി വധു പറയുന്നു.
ആശങ്ക വേണ്ടെന്നും പ്രശ്നം പരിഹരിക്കുന്നതിന് വരനൊപ്പം താനും കുടുംബവും ഉണ്ടാവുമെന്നും ഉറപ്പുനല്കിയതായും വധു പറയുന്നു.
വരന് ഗോവയില് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള കാര്യം വരന്റെ വീട്ടുകാര്ക്ക് അറിയാമായിരുന്നു. ഇതില് നിന്ന് പിന്തിരിപ്പിക്കാനാണ് യുവാവിനെ കൊണ്ട് കല്യാണം കഴിപ്പിക്കാന് തീരുമാനിച്ചത്.
കല്യാണത്തിന് മുന്പ് തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന കാര്യം വരന് തന്നെ അറിയിച്ചിരുന്നതായും വധു പറയുന്നു.
എന്നാല് ബന്ധം തുടരില്ലെന്ന് വരന് തനിക്ക് ഉറപ്പുനല്കിയതിന്റെ അടിസ്ഥാനത്തിലാണ് കല്യാണവുമായി മുന്നോട്ടുപോകാന് തീരുമാനിച്ചതെന്നും വധു പറയുന്നു.