കാലം എത്ര പുരോഗമിച്ചാലും എത്ര വിദ്യാഭ്യാസം നേടിയാലും പലരും യാഥാസ്ഥിതിക നിലപാടുകള്‍ കൂടുതല്‍ മുറുകെ പിടിക്കുന്ന കാഴ്ചകള്‍ ഈ സമൂഹത്തെ വേദനിപ്പിക്കുകയാണ്. വിവാഹം കഴിഞ്ഞയുടന്‍ വധുവിന്റെ കന്യകാത്വ പരിശോധനയും ഗര്‍ഭപരിശോധനയും ആവശ്യപ്പെട്ട വരന്റെ പ്രവൃത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. നോര്‍ത്ത് കര്‍ണാടക സ്വദേശികളാണ് യുവതിയും യുവാവും. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ വര്‍ഷം നവംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു.
വിവാഹത്തിന് 15 ദിവസം മുമ്പ് അമ്മ മരിച്ചത് പെണ്‍കുട്ടിയെ മാനസികമായി ഏറെ തകര്‍ത്തിരുന്നു. അമ്മയുടെ വിയോഗത്തോടെ മാനസികാഘാതം നേരിട്ട യുവതിയെ വരന് സംശയത്തോടെയാണ് കണ്ടത്. യുവതിക്ക് വിവാഹത്തില്‍ താല്പര്യമില്ലായിരുന്നുവെന്നാണ് അയാള്‍ കരുതി. എംബിഎ ബിരുദധാരികളും പ്രമുഖ സ്ഥാപനങ്ങളിലെ ജോലിക്കാരുമാണ് ഇരുവരും. വിവാഹത്തിന്റെ പിറ്റേന്ന് യുവതിക്ക് ആമാശയവീക്കം അനുഭവപ്പെട്ടു. ഇതോടെ യുവതി ഛര്‍ദ്ദിക്കാന്‍ തുടങ്ങി.
ഉടന്‍തന്നെ നവവരന് യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തി. എന്നാല്‍ തന്നെ ഗര്‍ഭപരിശോധനയ്ക്കും കനകാത്വ പരിശോധനയ്ക്കുമാണ് വിധേയമാക്കിയതെന്ന് പിന്നീടാണ് യുവതി അറിഞ്ഞത്. ഡോക്ടര്‍ നല്കിയ അനുമതി പത്രം വായിച്ചുനോക്കാതെയായിരുന്നു യുവതി ഒപ്പിട്ടുനല്‍കിയത്.അമ്മയുടെ വിയോഗം യുവതിയുടെ മനസ്സിനേല്‍പ്പിച്ച ആഘാതം മനസ്സിലാക്കാന്‍ അവരുടെ ഭര്‍ത്താവിന് കഴിഞ്ഞില്ലെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു.
ഭര്‍ത്താവിനെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചുവെങ്കിലും അയാള്‍ വഴങ്ങുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതോടെ ഭര്‍ത്താവിനെതിരെ യുവതി പോലീസിലും കോടതിയിലും പരാതി നല്‍കിയിരിക്കുകയാണ്. തന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചതിനും ശല്യപ്പെടുത്തിയതിനുമാണ് കേസ്. ഭാര്യമാരുടെ മാനസികാവസ്ഥയ്ക്ക് യാതൊരു പരിഗണനയും നല്‍കാത്ത ഭര്ത്താക്കന്മാര്ക്ക് ഒരു പാഠമായിരിക്കും ഈ സംഭവം.