ടെൽഅവീവ്: ഗാസയിലെ തെക്കൻ നഗരമായ റാഫയിൽ കരയുദ്ധത്തിന് ഇസ്രയേൽ നീക്കം. റാഫയിൽനിന്ന് ഒരു ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടുകഴിഞ്ഞു. ഇതോടെ വെടിനിർത്തൽ ചർച്ചകളും വഴിമുട്ടിയിരിക്കുകയാണ്.
ഹമാസിന്റെ പ്രധാനശക്തികേന്ദ്രമാണ് റാഫയെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഹമാസിനെ ഇല്ലാതാക്കാൻ റാഫ കരയുദ്ധം അനിവാര്യമാണെന്നും ഇസ്രയേൽ പറയുന്നു. അതേസമയം റാഫയെ ആക്രമിക്കാനുള്ള നീക്കം അന്താരാഷ്ട്ര മധ്യസ്ഥരുടെ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെടാൻ ഇടയാക്കുമെന്ന് ഖത്തറും ഹമാസും മുന്നറിയിപ്പു നൽകി.
റാഫയിലെ ഒരു ലക്ഷത്തോളം ആളുകളോട് ഇവിടെനിന്നു മാറാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് സൈനിക വക്താവ് ലഫ്.കേണൽ മദാവ് ഷോഷ്നി അറിയിച്ചു. ഇസ്രയേൽ ഒരു പരിമിത ആക്രമണത്തിന് തയാറെടുക്കുകയാണെന്നും ഇത് വലിയ ആക്രമണത്തിന് മുന്നോടിയാണോയെന്ന് പറയാനാവില്ലെന്നും ഷോഷ്നി പറഞ്ഞു.
ഗാസയിൽ കരയാക്രമണം ആരംഭിക്കുമെന്ന് ഇസ്രയേൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. റാഫയിൽ കരയാക്രമണം നടത്തുകയല്ലാതെ ഇസ്രയേലിന് മറ്റ് മാർഗമില്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗലന്റ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനോട് പറഞ്ഞിരുന്നു.
റാഫയിൽനിന്ന് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നാല് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രത്യാക്രമണമെന്ന നിലയിലാണോ കരയാക്രമണമെന്ന് ഷോഷ്നി പറഞ്ഞിട്ടില്ല. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സ്ഥലങ്ങളുടെ മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പലായനം ചെയ്യാനുള്ള ഉത്തരവ് വ്യോമമാർഗം പ്രദേശത്ത് വിതരണം ചെയ്തതായും ഷോഷ്നി പറഞ്ഞു.
തീവ്രവാദികൾക്കെതിരേ ശക്തമായ ആക്രമണം ഉണ്ടാകുമെന്നും സ്വരക്ഷയ്ക്കായി പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നും ഇസ്രയേൽ സൈന്യം സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു.
ചർച്ചകളിൽനിന്ന് പിൻവാങ്ങി ഹമാസ്
ഗാസ: റാഫയിൽനിന്നും ജനങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഇസ്രയേലുമായുള്ള ചർച്ചകൾ നിർത്തിവയ്ക്കാനൊരുങ്ങി ഹമാസ്.
കരയുദ്ധം നടത്തുന്നതിനു മുന്നോടിയായി റാഫയുടെ കിഴക്കൻ മേഖലയിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രദേശവാസികൾ അൽ മവാസിയിലേക്കും ഖാൻ യൂനിസിലേക്കും മാറണമെന്നാണ് സൈന്യം നിർദേശം നൽകിയിരിക്കുന്നത്.