കിഴക്കമ്പലം: വടവുകോട് -പുത്തൻകുരിശ് പഞ്ചായത്തിലെ കുഴിക്കാടിൽ കുട്ടികളുടെ കളിസ്ഥലമായി ഉപയോഗിക്കുന്ന ഗ്രൗണ്ടിൽ അനധികൃത പാർക്കിംഗും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും മാലിന്യം തള്ളലും പതിവായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.
കുട്ടികൾ വർഷങ്ങളായി ഉപയോഗിച്ചുവന്ന കളിസ്ഥലമാണ് കൈയേറി അനധികൃത പാർക്കിംഗും മറ്റ് അനാശാസ്യപ്രവർത്തനങ്ങളും നടത്തുന്നത്. റിഫൈനറി കോൺട്രാക്ടർമാരുടേതടക്കമുള്ള വാഹനങ്ങളും സ്വകാര്യവാഹനങ്ങളും ദിവസേന പാർക്ക് ചെയ്ത് ഗ്രൗണ്ട് നിറഞ്ഞ അവസ്ഥയിലാണ്. ഇതു മൂലം ഇവിടെ ഇപ്പോൾ കുട്ടികൾക്കു കളിക്കാനാവാത്ത അവസ്ഥയിലാണ്.
പാർക്കിംഗ് വർധിച്ചതോടെ വാഹനങ്ങളിൽനിന്നു ഡീസൽ ഊറ്റൽ പതിവായതായി ഡ്രൈവർമാർ പറയുന്നു. രാത്രികാലങ്ങളിലും മറ്റും ഗ്രൗണ്ടിൽ മദ്യപസംഘം തമ്പടിക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം ഷട്ടിൽ കളിക്കുന്നതിനായി കുട്ടികൾ സ്ഥാപിച്ച പോസ്റ്റ് ഇവിടെ അനധികൃത പാർക്കിംഗ് നടത്തുന്ന വാഹനം ഇടിച്ചു തകർത്തതായും പരാതിയുണ്ട്.
സർക്കാർ പുറമ്പോക്ക് ഭൂമിയായ സ്ഥലം പഞ്ചായത്ത് ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണ്. സ്ഥലം ഏറ്റെടുത്താലും ഇതു കുട്ടികൾക്കായി തന്നെ വിട്ടുകൊടുക്കുമെന്നാണ് സൂചന.
അമ്പലമേട് പോലീസിൽ കുട്ടികളും മുതിർന്നവരും നിരവധി തവണ ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും പോലീസ് ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം. രാത്രി കാലങ്ങളിലെ പെട്രോളിംഗ് പോലും പോലീസ് ശരിയായ രീതിയിൽ ഇവിടെ നടത്തുന്നില്ലെന്നും പ്രദേശവാസികൾ ആരോ പിക്കുന്നു.