തലശേരി: തലശേരി കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം വീണ്ടും രൂക്ഷമായി. നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ എ ഗ്രൂപ്പ് നേതാവായ ഡിസിസി മെമ്പര്‍ക്ക് ജില്ലാ നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഇതിനിടയില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങേണ്ടതില്ലെന്ന് സുധാകരഗ്രൂപ്പ് വിട്ട മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ വനിതാ നേതാവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീരുമാനിച്ചു.
നാലുവര്‍ഷം സമാന്തര പാര്‍ട്ടി പ്രവര്‍ത്തനം നടത്തുകയും കെപിസിസി യുടെ വ്യാജ രസീത് പ്രിന്റ് ചെയ്ത് പിരിവ് നടത്തുകയും ചെയ്ത അഭിഭാഷകനായ നേതാവിനെതിരെ നടപടിയെടുക്കാത്ത പാര്‍ട്ടി നേതൃത്വമാണ് വാട്സാപ്പ് മെസേജിന്റെ പേരില്‍ ഡിസിസി അംഗത്തിനെതിരെ നടപടിയെടുത്തിട്ടുള്ളതെന്നും വനിതാ നേതാവ് രാഷ്ട്രദീപികയോട് പറഞ്ഞു.
കെപിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നവ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനാണ് മുന്‍ നഗരസഭ കൗണ്‍സിലര്‍ കൂടിയ എ ഗ്രൂപ്പിലെ പ്രമുഖ നേതാവിന് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എ.എന്‍ ഷംസീര്‍ എംഎല്‍എ യുടെ വീടിന് നേരെ ബോംബേറുണ്ടായിപ്പോള് കെപിസിസി സെക്രട്ടറിയുള്‍പ്പെടെയുള്ള നേതാക്കള്‍ ഷംസീറിന്റെ വീട് സന്ദര്‍ശിച്ചുവെന്നായിരുന്നു നവ മാധ്യമങ്ങളിലൂടെ എഗ്രൂപ്പ് നേതാവ് പ്രചരിപ്പിച്ചത്.
എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളാരും ഷംസീറിന്റെ വീട് സന്ദര്ശിച്ചിട്ടെല്ലെന്ന് ഔദ്യോഗിക വിഭാഗം നേതാക്കള്‍ പറയുന്നു.എഗ്രൂപ്പ് നേതാവിനെതിരേയുള്ള കാരണം കാണിക്കല്‍ നോട്ടീസ് തലശേരിയിലെ എ ഗ്രൂപ്പിലും വിള്ളലുണ്ടാക്കിയിട്ടുണ്ട്.
മുന്‍ കേന്ദ്രമന്ത്രി കെ.പി.ഉണ്ണികൃഷ്ണന്റെ സന്തത സഹചാരിയായിരുന്ന കെപിസിസി മെമ്പറാണ് എ ഗ്രൂപ്പിന്റെ തലശേരിയിലെ നേതാവെന്നും കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടുള്ള ഡിസിസി അംഗം നിരന്തരമായി നവ മാധ്യമങ്ങളിലൂടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി വരുന്നയാളാണെന്നും പ്രമുഖ ഐ ഗ്രൂപ്പ് നേതാവ് രാഷ്ട്ര ദീപികയോട് പറഞ്ഞു.
വനിതാ നേതാവ് നേതൃത്വം നല്കുന്ന സഹകരണ സംഘത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും സംഭവ ദിവസം ഉദ്ഘാടകനനായ കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് കെ.സുധാകരന് പിന്മാറിയതിനെ തുടര്‍ന്ന് സുധാകര ഗ്രൂപ്പിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നാണ്് വനിത നേതാവിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ സുധാകര ഗ്രൂപ്പ് വിട്ടത്.