ഇന്ന് ഏറ്റവും കൂടുതല്‍ വ്യാജവാര്‍ത്തകളും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുമൊക്കെ വരുന്നത് വാട്ട്‌സ്ആപ്പ് ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ്. എന്നാല്‍ ഇവയ്‌ക്കൊക്കെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍, വീഡിയോകള്‍, അപകീര്‍ത്തികരമായ പ്രസ്താവനകള്‍ എന്നിവ അഡ്മിനെ ജയിലിടയ്ക്കാന്‍ പര്യാപ്തമായ കുറ്റമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്.
വാരണാസിയിലെ പ്രദേശിക ഭരണകൂടം പുറത്തിറക്കിയ ഉത്തരവിലാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ തെറ്റായ ഉദ്ദേശ്യത്തോടെ പോസ്റ്റുകള്‍ വന്നാല്‍ അഡ്മിന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലെ പ്രാദേശിക ഭരണകൂടം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍, മോര്‍ഫ് ചെയ്ത ഫോട്ടോഗ്രാഫുകള്‍, തുടങ്ങിയവ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍വരെ പ്രാപ്തിയുള്ളതാണെന്ന് വാരണാസിയിലെ പ്രദേശിക ഭരണകൂടം പറഞ്ഞു.
പുതിയ ഉത്തരവ് പ്രകാരം വാസ്തവ വിരുദ്ധമായ ഉള്ളടക്കം അടങ്ങിയതും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതുമായ ഗ്രൂപ്പുകളുടെ അഡ്മിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്ത് നടപടിയെടുക്കാന്‍ അധികാരം നല്‍കുന്നുണ്ട്. ഇത്തരം ഭവിഷ്യത്തുകളെ നേരിടാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ തയ്യാറകാണമെന്നും ഉത്തരവില്‍ പറയുന്നു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ആരംഭിക്കുന്ന അഡ്മിന്‍ പരിചയമുള്ളവരെ മാത്രമേ അംഗങ്ങളാക്കാന്‍ പാടുള്ളുവെന്നും, മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന പോസ്റ്റുകള്‍ക്കും തെറ്റായ വാര്‍ത്തയ്ക്കും അഡ്മിന്‍ ഉത്തരവാദിയായിരിക്കും എന്നും ഉത്തരവില്‍ പറയുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പിലെ അഡ്മിന്‍മാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.