തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് നോക്കി സ്ഥാനാർഥികളെ നിർണയിക്കില്ലെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. ഗ്രൂപ്പിന്റെ ബലത്തിൽ സ്ഥാനാർഥിയാകാമെന്ന് ആരും മനക്കോട്ട കെട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടി ജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താനുള്ള നടപടി ഉടൻ തുടങ്ങാൻ സംസ്ഥാന ഘടകങ്ങൾക്കു ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനു നഷ്ടപ്പെട്ട ബഹുജന പിന്തുണ വീണ്ടെടുക്കണം. മത്സരിക്കേണ്ട സ്ഥാനാർഥികളെ അവസാനഘട്ടത്തിൽ മുകളിലുള്ള ഏതാനും പേർ കൂടിയിരുന്നു തീരുമാനിക്കുന്ന രീതി ഇത്തവണ ഉണ്ടാകില്ല. സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും ആന്റണി കൂട്ടിച്ചേർത്തു