സ്വന്തം ലേഖകന്‍
കോഴിക്കോട് : കോണ്‍ഗ്രസില്‍ അച്ചടക്കത്തിന്റെ പടവാളുമായി രംഗത്തെത്തിയ കെ.സുധാകരനെതിരേ അതേ നാണയത്തില്‍ ആക്രമിക്കാനൊരുങ്ങി ‘ഇരകള്‍’.
അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായരേയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറിനെയും സസ്പൻഡ് ചെയ്തതിന് പിന്നാലെയാണ് സുധാകരന്റെ ഭൂതകാലം എഐസിസിയെ അറിയിക്കാന്‍ മറുപക്ഷം തീരുമാനിച്ചത്.
പഴയ കഥ
സസ്പെന്ഷന് നടപടി പിന്‍വലിക്കാത്ത പക്ഷം കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പും കെപിസിസി നേതൃത്വം മുമ്പാകെ മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എ, ഐ, ഗ്രൂപ്പുകാരും ഗ്രൂപ്പു സമവായങ്ങള്‍ക്കു പുറത്തുള്ളവരുമുള്പ്പെടെയുള്ള വന്‍പട തന്നെ സുധാകരന് മുമ്പ് നടത്തിയ അച്ചടക്ക ലംഘനങ്ങളുടെ പട്ടിക തയാറാക്കുന്നുണ്ട്.
അന്നു സുധാകരൻ!
ഓരോ നേതാക്കള്‍ക്കുമെതിരേ ഓരോകാലഘട്ടത്തിലും സുധാകരന് ഉന്നയിച്ച വിമര്‍ശനങ്ങളാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ത്തികൊണ്ടുവരുന്നത്. സുധാകരന് ഇപ്പോള്‍ സ്വീകരിച്ച നടപടി കോണ്‍ഗ്രസില്‍ പതിവുള്ള രീതിയല്ല. അങ്ങനെയൊരു രീതിയുണ്ടെങ്കില്‍ സുധാകരന് നിരവധി തവണ നടപടിക്കു വിധേയനാകേണ്ടതായി വരുമെന്നും നേതാക്കള്‍ പറയുന്നു.
അതേസമയം, വിശദീകരണം പോലും ചോദിക്കാതെ നടപടിയെടുത്തതിനെതിരേ എഐസിസി മുമ്പാകെ ഇന്നു നേതാക്കള്‍ പരാതി നല്‍കും. കെ.സുധകാരന്‍ പാര്‍ട്ടി പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് നേതൃത്വത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങളെല്ലാം വിശദമാക്കികൊണ്ടാണ് നേതാക്കള്‍ എഐസിസിയെ സമീപിക്കുന്നത്.
മുല്ലപ്പള്ളിയും
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുല്ലപ്പള്ളിയെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് കെ.സുധാകരന് രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് അദ്ദേഹം തന്നെ എഐസിസി മുമ്പാകെ വിശദീകരിക്കുമെന്നാണ് അറിയുന്നത്.
മുതിര്‍ന്ന നേതാക്കളെ തളയ്ക്കാനാകുമോ?
കോഴിക്കോട്: ഡിസിസി പട്ടികയ്ക്കു പിന്നാലെ എ, ഐ, ഗ്രൂപ്പുകള്‍ രംഗത്ത് വരുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അച്ചടക്ക നടപടിയുമായി സുധാകരന് രംഗത്തുവന്നത്.
ജില്ലാ നേതാക്കള്‍ മുതല്‍ കെപിസിസി ഭാരവാഹികള്‍ വരെ സുധാകരന്റെ വിരട്ടലില്‍ ഞെട്ടിയെങ്കിലും മുതിര്‍ന്ന നേതാക്കളെ തളയ്ക്കാന്‍ അച്ചടക്ക നടപടിയെന്ന ആയുധം ഉപയോഗിക്കാന്‍ സുധാകരന് തയാറായിട്ടില്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
എന്നാല്‍ ഇവര്‍ക്കെല്ലാമെതിരേ നടപടി സ്വീകരിക്കാന്‍ സുധാകരനു സാധിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.
ഇന്നു പരാതി നല്‍കും
അച്ചടക്ക നടപടി സ്വീകരിച്ചതിനെത്തുടര്‍ന്ന് എഐസിസി മുമ്പാകെ പരാതി നല്കുമെന്നു മുൻ കെപിസിസി ജനറല്‍ സെക്രട്ടറിയും നിര്‍വാഹക സമിതി അംഗവുമായ കെ.പി.അനില്‍കുമാര്‍. കെ.സുധാകരനും വി.ഡി.സതീശനുമെല്ലാം നേതൃത്വത്തിനെതിരേ മുന്‍പ് വിമര്‍ശനം നടത്തിയിട്ടുണ്ട്.
അത്രതന്നെ രൂക്ഷമായല്ല താന്‍ വിമര്‍ശനം ഉന്നയിച്ചതെന്നും അതിനാല്‍ ഇക്കാര്യത്തില്‍ എഐസിസിക്ക് ഇന്ന് തന്നെ പരാതി നല്‍കുമെന്നും അദ്ദേഹം ‘രാഷ്ട്ര ദീപിക’യോട് പറഞ്ഞു. ഏതു സ്ഥാനത്തുനിന്നാണ് സസ്പൻഡ് ചെയ്തതെന്നു വ്യക്തമല്ല. നടപടി സ്വീകരിക്കുന്നതിന് മുമ്പ് യാതൊരു അറിയിപ്പോ വിശദീകരണം ചോദിക്കുകയോ ഉണ്ടായിട്ടില്ലെന്നും അനില്‍കുമാര്‍ പ്രതികരിച്ചു.