മോസ്കോ: റഷ്യ 2018 ഫിഫ ലോകകപ്പിന്റെ മൂന്നാം റൗണ്ട് മത്സരങ്ങൾ ഇന്നു തുടങ്ങും. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെയും രണ്ടാം സ്ഥാനക്കാരെയും ഈ മത്സരങ്ങൾ നിർണയിക്കും. ഇനി മുതൽ ഒരേ സമയത്ത് രണ്ടു മത്സരങ്ങൾ വീതമാണ് നടക്കുക. നോക്കൗട്ടിലേക്ക് ആരൊക്കെ കടക്കുമെന്ന് ഇന്നു മുതൽ അറിയാം. ഇതിനോടകം ചില ടീമുകൾ പ്രീക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്.
ഇന്ന് സമാര അരീനയിൽ നടക്കുന്ന റഷ്യ-ഉറുഗ്വെ മത്സരത്തിന്റെ ഫലം ഗ്രൂപ്പ് എയിലെ ഒന്നും രണ്ടും സ്ഥാനക്കാരെ നിർണയിക്കും. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരവും ജയിച്ച റഷ്യക്കും ഉറുഗ്വെയ്ക്കും ആറു പോയിന്റ് വീതമാണുള്ളത്. ഗോൾ ശരാശരിയിൽ റഷ്യയാണു മുന്നിൽ. ഈ മത്സരം നടക്കുന്നതിനൊപ്പം തന്നെ വോൾഗോഗ്രാഡ് അരീനയിൽ ഒരു ജയം പോലും നേടാത്ത ഈജിപ്തും സൗദി അറേബ്യയും ഏറ്റുമുട്ടും.
ഗ്രൂപ്പ് ബിയിലാണ് നിർണായക മത്സരങ്ങൾ. ഗ്രൂപ്പിലെ കരുത്തരായ സ്പെയിനും പോർച്ചുഗലും പ്രീക്വാർട്ടർ ഉറപ്പാക്കാനാണ് ഇറങ്ങുന്നത്. മോർഡോവിയിയിൽ നടക്കുന്ന മത്സരത്തിൽ പോർച്ചഗൽ ഇറാനെ നേരിടും. കലിനിൻഗ്രാഡിൽ സ്പെയിൻ മൊറോക്കോയുമായി ഏറ്റുമുട്ടും. ഒരു ജയവും ഒരു സമനിലയുമുള്ള സ്പെയിനും പോർച്ചുഗലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇറാൻ ഒരു മത്സരം ജയിച്ച സ്ഥിതിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും സംഘത്തിനും ജയമോ സമനിലയോ നേടിയാൽ മാത്രമേ പ്രീക്വാർട്ടറിലെത്താനാകൂ.
സ്പെയിനെതിരേയുള്ള മൊറോക്കോയാണെങ്കിൽ ഒരു മത്സരം പോലും ജയിക്കാത്തതാണ്. ഒരു അട്ടിമറി ജയവുമായി നാട്ടിലേക്കു മടങ്ങാമെന്നത് ആഫ്രിക്കൻ സംഘത്തിന്റെ മോഹമാണ്. ഇറാൻ-പോർച്ചുഗൽ മത്സരഫലത്തെ ആശ്രയിക്കാതെ നോക്കൗട്ടി ലെത്താൻ സ്പെയിന് ജയമോ സമനിലയോ വേണം.