കൊല്ലം:ആള്‍ക്കൂട്ട ആക്രമണം കേരളത്തിലും അപൂര്‍വമല്ലാതാകുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തി എന്ന് ആരോപിച്ച് പ്ലസ് ടു വിദ്യാര്‍ഥിനിയെ നാട്ടുകാര്‍ തല്ലിച്ചതച്ചു. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്തിനാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അതേസമയം, ആക്രമണം നടന്ന് രണ്ടു ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല.
വീട്ടില്‍ പഠിച്ചുകൊണ്ടിരുന്ന രഞ്ജിത്തിനെ ഒരു സംഘം എത്തി പുറത്തിറക്കി ശക്തമായി മര്‍ദ്ദിക്കുകയായിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചാണ് മര്‍ദ്ദനമുണ്ടായത്. എന്നാല്‍ തനിക്ക് പെണ്‍കുട്ടിയെ അറിയില്ലെന്ന് പല വട്ടം പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ ആരും തയ്യാറായില്ല.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയില്ലെന്ന് തെളിഞ്ഞിരുന്നു.
ചികിത്സക്കായി കൊല്ലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് ബോധരഹിതനാകുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികളുടെ ആക്രമണത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന അക്രമികള്‍ നാട് വിട്ടുവെന്നും സൂചനയുണ്ട്. ഒരു വര്‍ഷം മുമ്പാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ഉത്തരേന്ത്യയിലും മറ്റും കേട്ടിരുന്ന ആള്‍ക്കൂട്ട ആക്രമണം ഇപ്പോള്‍ കേരളത്തിലും അപൂര്‍വമല്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.