അഞ്ചു വയസുകാരിയെ ബലാല്‍സംഗം ചെയ്ത 46 വയസുകാരനെ ഒരു സംഘം സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. ത്രിപുരയിലെ ധലായ് ജില്ലയില്‍ ഗണ്ഡച്ചേര പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം
ചൊവ്വാഴ്ച രാത്രി അമ്മയോടൊപ്പം മതപരമായ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുട്ടിയെ പ്രതി സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് അവിടെ ഉപേക്ഷിക്കുകയായിരുന്നു.
മുമ്പ് കൊലക്കേസില്‍ എട്ട് വര്‍ഷം കഠിന തടവ് ശിക്ഷ അനുഭവിച്ചയാളാണ് പ്രതി. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊലക്കേസ് പ്രതിയോടൊപ്പമാണ് പെണ്‍കുട്ടിയെ അവസാനമായി കണ്ടതെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗണ്ഡച്ചേര-അമര്പൂര് ഹൈവേ ഉപരോധിച്ച് പ്രകടനം നടത്തി.
ഇതിനിടയിലാണ് ബുധനാഴ്ച ഒരു സംഘം സ്ത്രീകള്‍ ഇയാളെ പിടികൂടി മരത്തില്‍ കെട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തത്.
സ്ത്രീകളുടെ നിഷ്കരുണമായ മര്‍ദനത്തില്‍ പ്രതി അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപ്രതിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും പിന്നീട് പ്രതിയുടെ മരണത്തിനിടയാക്കിയ സംഭവത്തിലും അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.