കലിഫോർണിയ: കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രൂപ്പ് കോളിംഗ് ആപ്പുകൾക്ക് ആവശ്യക്കാരേറുന്നത് പരിഗണിച്ചു കോൾ സെറ്റിംഗ്സിൽ മാറ്റം വരുത്താനൊരുങ്ങി ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്.
നിലവിൽ, കോൾ ചെയ്യുന്ന ആളുൾപ്പെടെ നാലു പേർ അടങ്ങുന്ന ഗ്രൂപ്പ് വീഡിയോ- ഓഡിയോ കോളുകളാണ് വാട്സ്ആപ്പിൽ അനുവദിച്ചിട്ടുള്ളത്. ഇത് എട്ടു പേർ ഉൾപ്പെടുന്നതാക്കാനാണ് പദ്ധതി.
പല രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വീഡിയോ- ഓഡിയോ കോളിംഗ് സംവിധാനങ്ങൾക്ക് ആവശ്യക്കാരേറിയിരിക്കുകയാണ്.
ഗ്രൂപ്പ് ഗെയിമിംഗ്, വിവിധ രാജ്യങ്ങളിലായിരിക്കുന്ന കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം തുടങ്ങി വൻ ബിസിനസ് ബോർഡ് മീറ്റിംഗിനു പോലും ഗ്രൂപ്പ് കോളിംഗ് പ്ലാറ്റ്ഫോമുകളാണ് ആശ്രയം.
ചൈനീസ് ആപ്ലിക്കേഷൻ ആയ സൂം ഉൾപ്പെടെയുള്ളവ ലഭ്യമാണെങ്കിലും ഇവയ്ക്കെതിരേ സ്വകാര്യതാ ലംഘനം സംബന്ധിച്ച ആരോപണങ്ങൾ ശക്തമാണ്.