ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ നിയന്ത്രണം കൈയാളാന്‍ ഇനി വനിതയും; ചരിത്രത്തിലാദ്യമായി ഐസിസി മാച്ച് റഫറി പാനലിലേക്കു വനിതാ അംഗത്തെ തെരഞ്ഞെടുത്തു. ഇന്ത്യയില്‍നിന്നുള്ള ജി.എസ്. ലക്ഷ്മിയാണ്(51) ആദ്യ വനിത മാച്ച് റഫറിയായി നിയമിതയായത്.
ഇതോടെ ഐസിസിയുടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ മാച്ച് റഫറിയാകാന്‍ ലക്ഷ്മിക്കാകും. ഐസിസിയുടെ പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിലൂടെ താന്‍ ആദരിക്കപ്പെട്ടിരിക്കുകയാണെന്നും പുതിയ ചുമതല ഏറ്റം ഭംഗിയായി നിര്‍വഹിക്കുമെന്നും മുന്‍ക്രിക്കറ്റ് താരം കൂടിയായ ലക്ഷ്മി പറഞ്ഞു. ലക്ഷ്മിക്ക് ആശംസകള്‍ നേരുന്നെന്നും ഐസിസിയുടെ സുപ്രധാന ചുമതലകളിലേക്ക് കൂടുതല്‍ വനിതകളെത്തുന്നതിനു തുടക്കമാണിതെന്നും ഐസിസി സീനിയര്‍ മാനേജര്‍ (അംപയേഴ്സ് ആന്‍ഡ് മാച്ച് റഫറീസ്) അഡ്രിയാന്‍ ഗ്രിഫിത് പറഞ്ഞു.
1986 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ സൗത്ത് സെന്‍ട്രല്‍ റയില്വേസുള്പ്പെടെയുള്ള വിവിധ ക്രിക്കറ്റ് ടീമുകളില്‍ അംഗമായിരുന്ന ലക്ഷ്മി വിരമിച്ചശേഷവും കായിക രംഗത്ത് സജീവമായിരുന്നു. 2008 മുതല്‍ 2009വരെ ഇന്ത്യയില്‍ നടന്ന ആഭ്യന്തര വനിതാ ക്രിക്കറ്റ് മത്സരങ്ങളില്‍ ലക്ഷ്മി മാച്ച് റഫറിയായിരുന്നു.
വനിതാ ക്രിക്കറ്റില്‍ മൂന്ന് ഏകദിനത്തിലും രണ്ടു 20 ട്വന്റി മത്സരങ്ങളിലും ലക്ഷ്മി മാച്ച് റഫറിയായിട്ടുണ്ട്. ഈ മാസമാദ്യം ഓസ്ട്രേലിയക്കാരി ക്ലെയര്‍ പൊളോസകെയെ പുരുഷ ഏകദിന ക്രിക്കറ്റ് മത്സരം നിയന്ത്രിക്കാന്‍ അംപയറായി നിയമിച്ചും ഐസിസി വാര്‍ത്ത സൃഷ്ടിച്ചിരുന്നു. പുരുഷ ക്രിക്കറ്റ് നിയന്ത്രിക്കുന്ന ആദ്യ വനിതയും പൊളോസ്കെയായിരുന്നു. നിലവില്‍ എട്ട് വനിതകളാണ് ഐസിസിയുടെ ഡവലപ്പ്മെന്റ് പാനല്‍ ഓഫ് അംപയറിലുള്ളത്.