ശ്രീഹരിക്കോട്ട: ജിഎസ്എൽവി-എഫ്10 വിക്ഷേപണം പരാജയപ്പെട്ടു. ഇതോടെ ഇഒഎസ്-03 ഭൗമനിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാൻ ഐഎസ്ആർഒയ്ക്ക് സാധിച്ചില്ല.
ജിഎസ്എൽവിയുടെ ദൗത്യം ക്രയോജനിക് ഘട്ടത്തിലാണ് പാളിയത്.
രണ്ട് തവണ മാറ്റിവച്ച വിക്ഷേപണമായിരുന്നു ഇത്. 2017നുശേഷം ആദ്യ വിക്ഷേപണ പരാജയം കൂടിയാണ് ഇത്.
ഇന്നു പുലർച്ചെ 5.43ന് സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽനിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
51.70 മീറ്റർ ഉയരമുള്ള ജിഎസ്എൽവി ഒരു ത്രീ സ്റ്റേജ് എൻജിൻ റോക്കറ്റ് ആണ്. ആദ്യ ഘട്ടത്തിൽ ഖര ഇന്ധനവും രണ്ടാമത്തേതിൽ ദ്രാവക ഇന്ധനവും മൂന്നാമത്തേതിൽ ക്രയോജനിക് എൻജിനുമാണ് പ്രവർത്തിക്കുന്നത്.
24 മണിക്കൂറും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇഒഎസ് 03 ഉപഗ്രഹത്തിന്റെ വിക്ഷേപണം.
2,268 കിലോഗ്രാം ഭാരമുള്ള ഇഒഎസ് -03 വിക്ഷേപിച്ച് 18 മിനിറ്റിനുള്ളിൽ ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു പദ്ധതി.
ദിവസവും നാലോ അഞ്ചോ തവണ രാജ്യത്തിന്റെ സമഗ്രവും വ്യക്തവുമായ ചിത്രങ്ങൾ പകർത്തുകയാണ് ഇഒഎസ്–3യുടെ പ്രധാന ജോലി.
പ്രകൃതി ദുരന്തം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാനും ഈ ഉപഗ്രഹത്തിന് സാധിക്കും. ജലാശയങ്ങളുടെ സ്ഥിതി, കൃഷി, വനം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കും.
ഇഒഎസ്-3 കഴിഞ്ഞ വർഷം മാർച്ച് അഞ്ചിന് വിക്ഷേപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ വിക്ഷേപണത്തിന് മണിക്കൂറുകൾക്ക് മുൻപ് ചില സാങ്കേതിക തകരാറുകൾ കാരണം ദൗത്യം മാറ്റിവയ്ക്കുകയായിരുന്നു.
പിന്നീട് 2021 മാർച്ചിൽ വിക്ഷേപണം നടത്താൻ തീരുമാനിച്ചെങ്കിലും ഉപഗ്രഹത്തിന്റെ ബാറ്ററി പ്രശ്നങ്ങൾ കാരണമാണ് വീണ്ടും വൈകിയത്.