ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്പോൾ സൂക്ഷിക്കേണ്ട വിവരങ്ങളുടെയും രേഖകളുടെയും ആധിക്യം ചെറുകിടക്കാരെ ബുദ്ധിമുട്ടിക്കും.നഷ്ടപ്പെട്ടവ, മോഷണം പോയവ, നശിപ്പിച്ചവ, ഫ്രീ സാംപിൾ നൽകിയവ, ദാനമായി നല്കിയവ എന്നിങ്ങനെ സാധനങ്ങളുടെ വിവരം വെവ്വേറെ സൂക്ഷിക്കണം.
ബാക്കിസാധനങ്ങളുടെ പട്ടികയെപ്പറ്റിയും ഏറെ കാര്യങ്ങളാണു നിർദേശിച്ചിട്ടുള്ളത്.ജിഎസ്ടി സംബന്ധിച്ച കരടു ചട്ടങ്ങൾ പുറത്തുവിട്ടപ്പോഴാണ് ഇതുപോലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.അസംസ്കൃത പദാർഥങ്ങൾ അടക്കം എല്ലാ സാധനങ്ങളുടെയും കാര്യത്തിൽ ഇതേപോലെ വിപുലമായ രേഖകൾ വേണം. ഇതുമായി ബന്ധപ്പെട്ട കണക്കുപുസ്തകങ്ങൾ തുടർച്ചയായി നന്പരിട്ടു സൂക്ഷിക്കണം.
വലിയ കന്പനികൾക്കും സ്ഥാപനങ്ങൾക്കും ഇത്ര വിപുലമായി കണക്കുകളും രേഖകളും സൂക്ഷിക്കുന്നതിനു പ്രയാസമില്ല. അതിനു സഹായിക്കുന്ന എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ഇആർപി) സോഫ്റ്റ്വേറുകൾ കിട്ടാനുണ്ട്.എന്നാൽ, ചെറുകിട സ്ഥാപനങ്ങൾക്ക് ഇആർപി വാങ്ങൽ എളുപ്പമല്ല.
അവരുടെ വരുമാനത്തിനു താങ്ങാവുന്നതാകില്ല ഇആർപി സോഫ്റ്റ്വേറിന്റെ വിലയും സർവീസ് നിരക്കും.ഓരോ കാര്യവുമായും ബന്ധപ്പെട്ട ഇൻവോയിസുകൾ, സപ്ലൈ ബിൽ, ഡെലിവറി ചലാൻ, ക്രെഡിറ്റ് നോട്ട്, ഡെബിറ്റ് നോട്ട്, റെസീറ്റ് വൗച്ചർ, പേമെന്റ് വൗച്ചർ, റീ ഫണ്ട് വൗച്ചർ, ഇ-വേ ബിൽ തുടങ്ങിയവയൊക്കെ വെവ്വേറെ സൂക്ഷിക്കണം. ഇലക്ട്രോണിക് ഫോമിലായാലും ഇവയെല്ലാം സൂക്ഷിക്കുന്നതു ചെറുകിട സ്ഥാപനങ്ങളെ ബുദ്ധിമുട്ടിലാക്കും.