ന്യൂഡൽഹി: നൂറ്റിമുപ്പതുകോടി ജനങ്ങൾ വസിക്കുന്ന ഇന്ത്യ ഒരൊറ്റ കന്പോളമായി. രാജ്യത്തു നിർമിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന ഓരോ ഉത്പന്നത്തിനും സേവനത്തിനും രാജ്യത്ത് എവിടെയും ഒരേ തോതിൽ നികുതി നൽകിയാൽ മതി. ഇന്ത്യ ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കി.
വെള്ളിയാഴ്ച അർധരാത്രി പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്ട്രപതി പ്രണാബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു രാജ്യം ഔപചാരികമായി ജിഎസ്ടി യുഗത്തിലേക്കു കടന്നത്. ഒട്ടുമിക്ക പ്രതിപക്ഷ കക്ഷികളും ബഹിഷ്കരിച്ചതു ചടങ്ങിന്റെ ശോഭ കുറച്ചു. മിക്കവാറും സംസ്ഥാന ധനമന്ത്രിമാർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ചടങ്ങിൽ കുറച്ചുപേരേ സംബന്ധിച്ചുള്ളു. കേരള ധനമന്ത്രി ഡോ. തോമസ് ഐസക് നേരത്തേ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ സംബന്ധിച്ചെങ്കിലും ചടങ്ങിനു വന്നില്ല.
പരോക്ഷ നികുതികൾ ഏകീകരിച്ചതിലൂടെ രാജ്യത്തു ചരക്കുനീക്കം സുഗമമായി. ഇനി ചെക്ക്പോസ്റ്റുകളിൽ പരിശോധനകൾ ഇല്ല. ഏതാനും മാസങ്ങൾക്കുള്ളിൽ ഇലക്ട്രോണിക് വേ ബിൽ വരുന്നതോടെ ചരക്കുവാഹനം നിർത്തുകപോലും ചെയ്യേണ്ടെന്ന നിലവരും.
ഒരു രാജ്യം, ഒരു നികുതി, ഒരു കന്പോളം എന്നതിലേക്കുള്ള പരിവർത്തനത്തിൽ ജമ്മുകാഷ്മീർ വിട്ടുനിന്നു. അവിടെ ജിഎസ്ടി നിയമം നടപ്പാക്കാൻ സാധിച്ചില്ല. രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സമവായം ഉണ്ടാകാത്തതാണു കാരണം. കേരളവും പശ്ചിമബംഗാളും ഓർഡിനൻസ് വഴിയാണു നിയമം നടപ്പാക്കിയത്.
പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപാരികൾ ഇന്നലെ ജിഎസ്ടി വിരുദ്ധ ബന്ദ് ആചരിച്ചു.
രാസവളത്തിനു നികുതി കുറച്ചു
ഇന്നലെ ചേർന്ന ധനമന്ത്രിമാരുടെ ജിഎസ്ടി കൗൺസിൽ രാസവളത്തിന്റെ ജിഎസ്ടി 12 ശതമാനത്തിൽനിന്ന് അഞ്ചുശതമാനമായി കുറച്ചു. നാനാഭാഗങ്ങളിൽനിന്നു കർഷകസംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ഇതു കുറച്ചത്. മുന്പു രാസവളം പല സംസ്ഥാനങ്ങളിലും നികുതിവിമുക്തമായിരുന്നു.
ട്രാക്ടറുകൾക്കു മാത്രം ഉപയോഗിക്കുന്ന ഘടകപദാർഥങ്ങളുടെ ജിഎസ്ടി 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറച്ചു. അതേസമയം, കെട്ടിടഫ്ലാറ്റ് നിർമാണത്തിനുള്ള ജിഎസ്ടി 12 ശതമാനത്തിൽനിന്ന് 18 ശതമാനമായി കൂട്ടി. നികുതി കണക്കാക്കുന്നതിനു ഭൂമിവില കൂട്ടാൻ അനുവദിച്ചിരുന്നത് ഒഴിവാക്കി. ഇപ്പോൾ പണി പൂർത്തിയായി പൂർത്തീകരണ സർട്ടിഫിക്കറ്റ് വാങ്ങിയവയ്ക്ക് ജിഎസ്ടി ബാധകമല്ല.
ഒരേ ഉത്പന്നത്തിനു വ്യത്യസ്ത എംആർപി പാടില്ലെന്നു കേന്ദ്രം
ന്യൂഡൽഹി: ഒരേ ഉത്പന്നത്തിന് വ്യത്യസ്ത എംആർപി(മാക്സിമം റീട്ടെയിൽ പ്രൈസസ്) ഈടാക്കുന്നുതു വിലക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. എയർപോർട്ടുകൾ, മാളുകൾ, സിനിമാ തിയറ്റുകളിൽ എന്നിവിടങ്ങളിൽ പായ്ക്ക് ചെയ്ത ഭക്ഷണം, കുപ്പിവെള്ളം തുടങ്ങിയവയ്ക്ക് എംആർപിയിലും കൂടുതൽ നിരക്ക് ഈടാക്കിവരുന്നുണ്ട്. ഇതാണു കേന്ദ്ര സർക്കാർ വിലക്കിയത്.