ആലപ്പുഴ: ജിഎസ്ടിയിലെ അപാകതയും സാങ്കേതിക തകരാറുകളും മൂലം സംസ്ഥാനത്തെ നികുതി വ്യാപാര മേഖലകൾ തിരിച്ചടി നേരിടുകയാണെന്നും ടാക്സ് കണ്‍സൾട്ടന്റ് അസോസിയേഷൻ. ജിഎസ്ടി നടപ്പാക്കി ഒന്‍പത് മാസം പിന്നിടുന്പോഴും നിയമങ്ങളിലും ചട്ടങ്ങളിലും സുതാര്യത വരുത്താനോ വ്യക്തത വരുത്താനോ കഴിഞ്ഞിട്ടില്ല.
പല മേഖലകളിലും നികുതി ഘടനയിൽ മാറ്റമുണ്ടായതോടെ വ്യാപാര- നികുതി മേഖലകളിൽ പിന്നോട്ടടിയുണ്ടായിട്ടുണ്ടെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ.പുരം ശിവകുമാർ പറഞ്ഞു. ടാക്സ് കണ്‍സൾട്ടന്റ് അസോസിയേഷൻ നേതൃത്വത്തിൽ അംഗങ്ങൾക്കായി 22, 23 തീയതികളിൽ വാഗമണ്ണിൽ ജിഎസ്ടിയുമായി ബന്ധപ്പെട്ട് പരിശീലന ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്.
കോലാഹലമേട് ഗ്രീൻ പാലസിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ നികുതി മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ ക്ലാസുകൾ നയിക്കും. പത്രസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ആർ. മണികണ്ഠൻ, കെ. രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.