കോട്ടയം: ഫ്രൈഡ് റൈസ് കഴിക്കാൻ കയറിയ രണ്ടു യുവാക്കൾ ജിഎസ്ടി(ചരക്ക് സേവന നികുതി) കേട്ട് തലകറങ്ങി വീണു. കോട്ടയം നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിലാണ് രണ്ടു ഫ്രൈഡ് റൈസ് കഴിച്ചപ്പോൾ 98രൂപ ജിഎസ്ടി ഈടാക്കിയത്.
രണ്ട് ചിക്കൻ ഫ്രൈഡ് റൈസും രണ്ടു നാരങ്ങാവെള്ളവും കഴിച്ചതിന് കിട്ടിയത് 614 രൂപയുടെ ബില്ല്. അതിൽ ജിസ്ടി എന്ന് രേഖപ്പെടുത്തിയത് 98 രൂപ. അതായത് ഒരു ഫ്രൈഡ് റൈസിന്റെ വില 230 രൂപ. നാരാങ്ങാ വെള്ളത്തിന് 28 രൂപ. ജിഎസ്ടി 98 രൂപ. ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കരുതെന്ന സർക്കാർ നിർദേശം ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്പോഴാണ് ബില്ലിൽ ജിസ്ടി കാട്ടി പേടിപ്പിക്കുന്നത്.
ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളിലും ഭക്ഷണത്തിന് ജിഎസ്ടി കൂട്ടി കഴിഞ്ഞു. വില കൂട്ടാതെ പിടിച്ച് നിൽക്കാൻ സാധിക്കുന്നില്ല എന്നാണ് ഹോട്ടൽ ഉടമകളുടെ നിലപാട്. എയർ കണ്ടീഷൻ ചെയ്ത ഹോട്ടലുകളിൽ 18 ശതമാനമാണ് ജിഎസ്ടി നികുതി നിരക്ക്. ജിഎസ്ടി നിരക്ക് ബില്ലിൽ പ്രത്യേകം ചേർക്കുന്നുമുണ്ട്. സാധാരണക്കാരൻ ആഹാരം കഴിക്കാൻ ഹോട്ടലുകളെ ആശ്രയിക്കുന്പോൾ ബില്ലിന്റെ കൂടെ ജിഎസ്ടി എത്രയാകും എന്ന ആശങ്കയും ഉടലെടുക്കും.
എസി ഇല്ലാത്ത ഹോട്ടലുകളുടെ പ്രതിവർഷ വിറ്റുവരവ് 20ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയിലാണെങ്കിലും ഇവയുടെയും നികുതിഭാരം ഉപഭോക്താവിന് വരും. പുതിയ നികുതിയെപ്പറ്റി വ്യക്തമായ നിർദ്ദേശങ്ങൾ ലഭിക്കാത്തത് കച്ചവടത്തെയും ഉപഭോക്താക്കളെയും വലയ്ക്കുന്നു. ചിലർ കേട്ടപാതി വില കൂട്ടുകയാണെന്നും ആരോപണമുണ്ട്.