നോട്ട് നിരോധനത്തിലെ സമ്പൂര്‍ണ്ണ പരാജയവും ജിഎസ്ടി നടപ്പിലാക്കിയതിലെ പാളിച്ചകളുമെല്ലാമാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കുന്ന ഘടകങ്ങള്‍.
നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന ആര്‍ബിഐ റിപ്പോര്‍ട്ട് ചെറുതായൊന്നുമല്ല സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ജിഎസ്ടി നടപ്പില്‍ വരുത്തുന്നതിനു മുമ്പായി ഗവണ്‍മെന്റ്, ഇതു സംബന്ധിച്ച് നടത്തിയ പരസ്യത്തിന് ചിലവായ തുകയുടെ കണക്കുകളാണത്. 132.38 കോടി രൂപയാണ് ജിഎസ്ടിയുമായി ബന്ധപ്പെട്ട പരസ്യത്തിനുമാത്രം ചെലവായിരിക്കുന്നത്.
ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങളും നിയമാവലികളും നിര്‍ദേശങ്ങളും പൊതുജനങ്ങളില്‍ എത്തിക്കാന്‍ എന്ന പേരിലാണ് ഈ തുക ചെലവഴിച്ചിരിക്കുന്നത്.
2017 ജൂലൈ ഒന്നിന് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായാണ് ഈ തുക ചെലവിട്ടിട്ടുള്ളത്.
വിവരാവാകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. അച്ചടി മാധ്യമത്തില്‍ പരസ്യം നല്‍കുന്നതിനായി 1,26,93,97.121 രൂപയാണ് ചെലവഴിച്ചത്.എന്നാല്‍ ഇലക്ട്രോണിക് മാധ്യമത്തിലെ പരസ്യത്തിന് തുകയൊന്നും ചെലവഴിച്ചിട്ടില്ല.
ഹോര്‍ഡിംഗുകള്‍ ഉള്‍പ്പെടെയുള്ള ഔട്ടഡോര്‍ മീഡിയയ്ക്കായി 5,44,35,502 രൂപയും ചെലവഴിച്ചു. പരസ്യത്തിനും ബോധവത്കരണത്തിനുമാണ് ഈ തുക ചെലവാക്കിയതെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.