ന്യൂഡൽഹി: ചരക്കു-സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതുസംബന്ധിച്ച അനിശ്ചിതത്വം നീക്കാൻ നാളെ യോഗം. കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി അധ്യക്ഷനും സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളുമായ ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകും.
ജൂലൈ ഒന്നിനു പുതിയ നികുതിസന്പ്രദായം നടപ്പാക്കണമെന്നതിൽ കേന്ദ്രം ഉറച്ചുനിൽക്കുകയാണ്. ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളും സമ്മതിച്ചു. എന്നാൽ, ധനകാര്യമേഖലയിലെ സ്ഥാപനങ്ങളും ചില വ്യാപാര സംഘടനകളും അല്പംകൂടി സമയം നീട്ടണമെന്നാവശ്യപ്പെടുന്നു. നികുതി രജിസ്ട്രേഷൻ, പുതിയ രീതിയിലുള്ള സോഫ്റ്റ്വെയർ പരിചയപ്പെടൽ തുടങ്ങിയ കാര്യങ്ങൾക്കായാണു സമയം ആവശ്യപ്പെടുന്നത്.
ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, ഇൻഷ്വറൻസ് കന്പനികൾ, മൊബൈൽ കന്പനികൾ, ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ, ഐടി സേവനദാതാക്കൾ, മറ്റ് ഓൺലൈൻ വ്യാപാരികൾ തുടങ്ങിയവരെല്ലാം ഓരോ സംസ്ഥാനത്തും രജിസ്ട്രേഷൻ എടുക്കണം. മാത്രമല്ല, സംസ്ഥാനം തിരിച്ചു വ്യാപാര കണക്കു തയാറാക്കി നികുതി അടയ്ക്കണം. ഇതിനുതക്ക രീതിയിൽ കന്പനികളുടെ കണക്കെഴുത്തുരീതി മാറ്റണം. ഇളവ് ലഭിക്കുമെന്ന ധാരണയിൽ ധാരാളം കന്പനികൾ മാറ്റത്തിന് ഒരുങ്ങിയിട്ടില്ല. ഇതാണു കാലതാമസം ചോദിക്കാൻ കാരണം.
വ്യാപാരികളും വ്യവസായികളും നേരിടുന്ന മറ്റൊരു വിഷയം ജൂലൈ ഒന്നിനു കൈയിൽ സ്റ്റോക്കുള്ളവയുടെ നികുതിബാധ്യതയാണ്. ആ ഉത്പന്നങ്ങൾക്ക് എക്സൈസ് ഡ്യൂട്ടിയും സിഎസ്ടിയും അടച്ചതാണ്. എന്നാൽ, ജിഎസ്ടിയിൽ ഇതിന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കിട്ടില്ല. കേന്ദ്രം നല്കിയ ഇളവ് വില്പനവേളയിൽ 60 ശതമാനം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നല്കാമെന്നാണ്. ഇത് 90 ദിവസത്തിനകം വേണം. ഇൻപുട്ട് ടാക്സ് അടച്ചതിനുള്ള തെളിവും വേണം.
ഇക്കാര്യത്തിൽ വ്യവസ്ഥകൾ ഉദാരമാക്കണമെന്നു വ്യാപാരികളും ഉത്പാദകരും ആവശ്യപ്പെടുന്നു. കാലാവധി ആറു മാസമാക്കണം; ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് 100 ശതമാനം (അടച്ച നികുതിത്തുക മുഴുവൻ) ആക്കണം എന്നിവയാണ് ആവശ്യങ്ങൾ.
ജൂൺ 11-ന് 66 ഉത്പന്നങ്ങളുടെ നികുതി നിരക്ക് കുറച്ചു. മൊബൈൽ ഫോൺ സർവീസുകാരടക്കം നിരവധി മേഖലകളിൽനിന്നു കൂടുതൽ നികുതിയിളവ് ആവശ്യം ഉയർന്നിട്ടുണ്ട്. നാളെ ചേരുന്ന കൗൺസിൽ ഇതു പരിഗണിക്കേണ്ടിവരും. സിഗരറ്റ് സെസ്, ലോട്ടറി നികുതി തുടങ്ങിയവയിലും നാളെ തീരുമാനം പ്രതീക്ഷിക്കുന്നു.