ന്യൂഡൽഹി: ചരക്കുസേവനനികുതി (ജിഎസ്ടി) പിരിവ് വീണ്ടും താഴോട്ടുപോയി. ഫെബ്രുവരിയിലെ വ്യാപാരത്തിന് ഈ മാസം 26 വരെ അടച്ച നികുതി 85,174 കോടി രൂപമാത്രം. ജനുവരിയിലെ വ്യാപാരത്തിന് 86,318 കോടി രൂപ കിട്ടിയതാണ്.
ഇതിൽ 14,945 കോടി രൂപ കേന്ദ്ര ജിഎസ്ടിയും 20,456 കോടി സംസ്ഥാന ജിഎസ്ടിയും 42,456 കോടി ഇന്റഗ്രേറ്റഡ് ജിഎസ്ടിയും 7,317 കോടി കോന്പൻസേഷൻ സെസുമാണ്. ഇന്റഗ്രേറ്റഡ് ജിഎസ്ടിയിൽനിന്ന് 25,564 കോടി സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നല്കേണ്ടതുണ്ട്. ഇതോടെ കേന്ദ്ര ജിഎസ്ടി 27,085 കോടിയും സംസ്ഥാന ജിഎസ്ടി 33,880 കോടിയും ആകും.
ഇതുവരെയുള്ള ജിഎസ്ടി പിരിവ്
ജൂലൈ 93,590; ഓഗസ്റ്റ് 93,029; സെപ്റ്റംബർ 95,132; ഒക്ടോബർ 85,931; നവംബർ 83,716; ഡിസംബർ 88,929; ജനുവരി 86,318; ഫെബ്രുവരി 85,174.