തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനത്തിൽ കുത്തനെ ഇടിവ്. ഏപ്രിലില്‍ 2298 കോടിയായിരുന്ന ജി എസ് ടി വരുമാനം 1043 കോടിയായി താഴ്ന്നു. 1255 കോടിയുടെ കുറവാണ് ഒരു മാസത്തിനുള്ളിൽ ഉണ്ടായത്.
കൂടാതെ സ്റ്റാംപ് ഡ്യൂട്ടി വരുമാനം 220 കോടിയിൽ നിന്നും 26 കോടിയായി കുറഞ്ഞു. രജിസ്ട്രേഷൻ ഫീസിനത്തിൽ നേരത്തെ 78 കോടി ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ലഭിച്ചത് 9 കോടി മാത്രം.
സംസ്ഥാനസര്‍ക്കാരിന്റെ നേരിട്ടുള്ള വിഹിതമായ എസ് ജി എസ് ടിയിൽ 598 കോടിയുടെ കുറവാണ് ഉണ്ടായത്. 1075 കോടിയില്‍ നിന്ന് 477 കോടിയായാണ് ഈ വിഹിതം കുറഞ്ഞത്.
സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗമായ മദ്യത്തിന്റെയും ലോട്ടറിയുടേയും വിൽപ്പന ലോക്ക്ഡൗണിനെ തുടർന്ന് ഇല്ലാതായതോടെ ഈയിനത്തിലുള്ള വരുമാനവും നഷ്ടമായി.
പ്രതിമാസം 1500 മുതല്‍ 1800 വരെ കോടിയുടെ മദ്യകച്ചവടമാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാൽ ഇപ്പോൾ വിൽപ്പന നിന്നതോടെ ഈയിനത്തിൽ നികുതിയായി കിട്ടിയിരുന്ന തുക നഷ്ടമായി.
ലോട്ടറി വിൽപ്പന ഇല്ലാതായതോടെ 118 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 33 ലോട്ടറികളാണ് നിർത്തിയത്.ലോട്ടറി വിൽപ്പനയിലെ സംസ്ഥാന ജിഎസ്ടി വിഹിതമായ പതിനാറരക്കോടിയും നഷ്ടമായി.
ഇതോടെ സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. ലോക്ക് ഡൗൺ നീണ്ടാൽ ഇത് കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്.