തിരുവനന്തപുരം: രാജ്യത്തെ വാണിജ്യ ചരക്കു നീക്കത്തിൽ വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന ഇ- വേ ബിൽ സംവിധാനം കേരളത്തിൽ നാളെ പ്രവർത്തനക്ഷമമാകും. സംസ്ഥാനാന്തര ചരക്ക് നീക്കത്തിന് ഫെബ്രുവരി ഒന്നിനു രാജ്യത്തൊട്ടാകെ നടപ്പാക്കുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിലാണു നാളെ കേരളത്തിൽ നടപ്പിൽ വരുന്നത്.
ഇ- വേ ബിൽ നിയമപരമായ ബാധ്യത ആക്കുന്നതിനു മുമ്പു തന്നെ പുതിയ സംവിധാനം വ്യാപാരികൾക്കു പരിചയപ്പെടുത്തുന്നതിനാണു നാളെത്തന്നെ കേരളത്തിൽ ആരംഭിക്കുന്നത്. ഇ-വേ ബിൽ സംവിധാനത്തിൽ വ്യാപാരി വെളിപ്പെടുത്തുന്ന ചരക്കുനീക്ക വിവരങ്ങൾ വെരിഫിക്കേഷൻ കൂടാതെ തന്നെ മൂല്യമുള്ള രേഖയായി മാറും.
ചരക്കു വിൽക്കുന്ന ആളിനാണ് ഇ-വേ ബിൽ സംവിധാനത്തിൽ വിവരങ്ങൾ വെളിപ്പെടുത്താനുള്ള ഉത്തരവാദിത്വം.
എന്നാൽ, വിൽക്കുന്ന ആൾ ഇ- വേബിൽ എടുക്കുന്നില്ലെങ്കിൽ വാങ്ങുന്ന ആളിനോ, ട്രാൻസ്പോർട്ടർക്കോ ഇ-വേ ബിൽ എടുക്കാം. ആരെടുത്താലും മൂന്നു കൂട്ടരുടെയും രജിസ്റ്റേർഡ് മൊബൈൽ നന്പറിൽ സന്ദേശം ലഭിക്കും. ഇ-വേ ബിൽ സംവിധാനത്തിൽ വിവരങ്ങൾ വെളിപ്പെടുത്തിയതിനുശേഷം ഡിക്ലറേഷനിൽ തെറ്റുകൾ കണ്ടെത്തുകയോ ചരക്ക് നീക്കം നടക്കാതെ വരികയോ ചെയ്താൽ നിശ്ചിത സമയത്തിനുള്ളിൽ ഇ-വേ ബിൽ എടുത്ത ആളിനുതന്നെ കാൻസൽ ചെയ്യാം.
കൂടാതെ ചരക്കു സ്വീകരിക്കുന്ന ആളുടെ പേരിൽ തെറ്റായ വിവരങ്ങൾ അടങ്ങിയ ഇ -വേ ബിൽ നൽകിയാൽ തിരസ്കരിക്കാനും സംവിധാനമുണ്ട്. www.keralataxes.gov.in ടാക്സ് പെയേഴ്സ് സർവീസിൽ ലഭ്യമാക്കുന്ന ഇ-വേ ബിൽ ലിങ്ക് വഴി വ്യാപാരികൾക്ക് ലോഗിൻ ചെയ്യാം.
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഇ-വേ ബിൽ എടുക്കുന്നതിന് ആദ്യം ഇ-വേബിൽ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ജിഎസ്ടി രജിസ്ട്രേഷൻ ഉള്ളവർ ജിഎസ്ടി നന്പർ ഉപയോഗിച്ചും അല്ലാത്തവർ പാൻ, ആധാർ എന്നിവ ഉപയോഗിച്ചുമാണ് രജിസ്ട്രേഷൻ എടുക്കേണ്ടത്.
ജിഎസ്ടിഎന്നിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പരിലേക്കാണ് ഇ-വേബിൽ സന്ദേശങ്ങൾ ലഭിക്കുന്നത്. വ്യാപാരികളുടെ സംശയനിവാരണത്തിനായി ജില്ലാതലത്തിൽ ഹെൽപ് ഡെസ്ക്കുകൾ തയാറായിട്ടുണ്ട്. ഹെൽപ് ഡെസ്ക്കുകളുടെ ഫോണ് നന്പറുകൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.