തിരുവനന്തപുരം: ജിഎസ്ടി കോമ്പോസിഷൻ നികുതി തെരഞ്ഞെടുത്ത വ്യാപാരികൾ ഉപയോക്താക്കളിൽനിന്ന് നികുതി ഈടാക്കാൻ പാടില്ല. കോമ്പോസിഷൻ തെരഞ്ഞെടുത്ത വ്യാപാരികൾ അവരവരുടെ നികുതിവിധേയമായ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനമാണ് നികുതിയായി അടയ്ക്കേണ്ടത്. ഈ നികുതി ഉപയോക്താക്കളിൽനിന്ന് നേരിട്ട് പിരിക്കാൻ പാടില്ല.
എന്നാൽ, ജിഎസ്ടി കോമ്പോസിഷൻ നികുതി തെരഞ്ഞെടുത്ത ചില വ്യാപാരികൾ ഉപയോക്താക്കളിൽനിന്ന് ചരക്കുകളുടെ നികുതി പിരിക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത് ജിഎസ്ടി നിയമപ്രകാരം കുറ്റകരവും പിഴചുമത്തപ്പെടാവുന്നതുമാണ്.
എല്ലാ കോമ്പോസിഷൻ നികുതി തെരഞ്ഞെടുത്ത വ്യാപാരികളും തങ്ങളുടെ എല്ലാ ബിൽ/ ഇൻവോയ്സിന്റെയും മുകളിൽ “വിതരണത്തിൽ നികുതി പിരിക്കാൻ അർഹതയില്ലാത്ത കോമ്പോസിഷൻ നികുതിദായകൻ’’ എന്ന് മലയാളത്തിലോ ‘Composition taxable person, not eligible to collect tax on supply’ എന്ന് ഇംഗ്ലീഷിലോ രേഖപ്പെടുത്തിയിരിക്കണം .
അതുപോലെ പ്രധാന വ്യാപാര സ്ഥാപനങ്ങളുടെയും ബ്രാഞ്ചിന്റെയും ബോർഡിലും നോട്ടീസിലും “ Composition taxable person’’എന്നു രേഖപ്പെടുത്തിയിരിക്കണം എന്നും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ ടിങ്കു ബിസ്വാൾ അറിയിച്ചു.