കൊച്ചി: ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്കു നൽകുന്ന മരുന്നിനും ജീവൻ രക്ഷിക്കാൻ പിടിപ്പിക്കുന്ന ഉപകരണങ്ങൾക്കും ശസ്ത്രക്രിയാ സാമഗ്രികൾക്കും നികുതി ഈടാക്കാനാവില്ലെന്നു ഹൈക്കോടതി. രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സയുടെ ഭാഗമായി നൽകുന്ന മരുന്നുകളും മറ്റും നൽകുന്നതു വില്പനയായി കണക്കാക്കാൻ കഴിയില്ല. ഇതിന്റെ തുക ആശുപത്രി ബില്ലിനൊപ്പം ഈടാക്കുന്പോൾ കേരള വാറ്റ് പ്രകാരമുള്ള നികുതി ഈടാക്കരുതെന്നും കോടതി വ്യക്തമാക്കി.
അവശ്യ മരുന്നുകൾക്കും ജീവൻ രക്ഷാ ഉപകരണങ്ങൾക്കുമൊക്കെ നികുതി ഏർപ്പെടുത്തുന്നതിനെതിരായ ഒരുകൂട്ടം ഹർജികളിലാണു ഹൈക്കോടതി ഫുൾബെഞ്ചിന്റെ ഉത്തരവ്. ആശുപത്രികളിലെത്തിക്കുന്ന രോഗികൾക്കു മതിയായ ചികിത്സയാണു നൽകുന്നത്. രോഗിയുടെ താത്പര്യപ്രകാരമല്ല, ഡോക്ടറുടെയോ സർജന്റെയോ വിദഗ്ധോപദേശ പ്രകാരമാണു മരുന്നു നൽകുന്നത്.
ഇതിന്റെ സേവന സ്വഭാവം പരിഗണിക്കുന്പോൾ മരുന്നിന്റെ വില അപ്രസക്തമാണ്. ആശുപത്രികൾ പൂർണമായും ധർമസ്ഥാപനമല്ലെങ്കിൽ പോലും മരുന്നു വിൽക്കാനുള്ള ബിസിനസ് സ്ഥാപനമായി മാത്രം കാണാനാവില്ല. ചികിത്സയുടെ ലക്ഷ്യം രോഗം ഭേദമാക്കുകയെന്നതാണ്. ഇതിനു നൽകുന്ന മരുന്നുകളുടെ വിലയ്ക്കു ചികിത്സയെന്ന സേവനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ ഈ വിഷയം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചിരുന്നു. ആശുപത്രിയിലെത്തിക്കുന്ന രോഗികൾക്കു മരുന്നും മറ്റും നൽകുന്നതിനു നികുതി ഈടാക്കരുതെന്ന നിലപാടാണു ഡിവിഷൻ ബെഞ്ച് സ്വീകരിച്ചത്. സമാനമായ വിഷയത്തിൽ നേരത്തെ മറ്റൊരു ഡിവിഷൻ ബെഞ്ച് നികുതി ഈടാക്കാനാവുമെന്നു വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണു ഹർജികൾ ഫുൾബെഞ്ചിനു വിട്ടത്.
ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ കാര്യമാണു ഫുൾബെഞ്ച് പരിഗണിച്ചത്. അതേസമയം ഡോക്ടറുടെ നിർദേശാനുസരണം ആശുപത്രി ഫാർമസിയിൽനിന്നു വാങ്ങുന്ന മരുന്നിനു നികുതി ഈടാക്കുന്നതടക്കം ഹർജികളിലെ മറ്റു വിഷയങ്ങൾ ഡിവിഷൻ ബെഞ്ച് പരിഗണിക്കാനും ഫുൾബെഞ്ച് നിർദേശിച്ചിട്ടുണ്ട്.