ന്യൂഡൽഹി: 20 ലക്ഷം രൂപയിൽ കൂടുതൽ വാടക ലഭിക്കുന്നുണ്ടെങ്കിൽ ചരക്കു – സേവന നികുതി (ജിഎസ്ടി) നല്കണം. 20 ലക്ഷം രൂപയിലധികമായാൽ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തു നികുതി നല്കണം.
വ്യാപാരമോ ഓഫീസ് പ്രവർത്തനമോ അടക്കമുള്ള വാണിജ്യാവശ്യങ്ങൾക്കു കെട്ടിടം നൽകിയാൽ മാത്രം മതി ജിഎസ്ടി. താമസത്തിനായി നല്കിയാൽ നികുതി വേണ്ട. ജിഎസ്ടി സംബന്ധിച്ച മാസ്റ്റർ ക്ലാസിൽ കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് അധ്യ വിശദീകരിച്ചതാണിത്.
50,000 രൂപ വരെ സമ്മാനം നികുതിവിധേയമല്ല
തൊഴിലുടമ ജീവനക്കാർക്കു നൽകുന്ന സമ്മാനങ്ങൾ വർഷം 50,000 രൂപയിൽ കൂടുതൽ ആയാൽ മാത്രമേ ജിഎസ്ടി ബാധകമാകൂ. തൊഴിൽ കോൺട്രാക്ടിന്റെ ഭാഗമായി തൊഴിലുടമ നല്കുന്ന ആനുകൂല്യങ്ങളും (ക്ലബ് അംഗത്വം, ഹെൽത്ത് ക്ലബ് ഫീസ് മുതലായവ) ജിഎസ്ടിയിൽ വരില്ലെന്ന് ധനമന്ത്രാലയം വിശദീകരിച്ചു. ജീവനക്കാർക്കു സൗജന്യ പാർപ്പിടം നല്കിയാലും ജിഎസ്ടി ഇല്ല.
കാലി – കോഴി – മത്സ്യ തീറ്റകൾക്കു ജിഎസ്ടി ഇല്ല
കാലികൾ, കോഴികൾ, മത്സ്യങ്ങൾ എന്നിവയ്ക്കുള്ള തീറ്റയ്ക്ക് ജിഎസ്ടി ഇല്ല. എന്നാൽ പട്ടിക്കും പൂച്ചയ്ക്കുമുള്ള തീറ്റയ്ക്കു 18 ശതമാനം ജിഎസ്ടി ഉണ്ട്.
ചിലർ കാലി – കോഴി – മത്സ്യ തീറ്റകൾക്കും 18 ശതമാനം നികുതി ഉള്ളതായി പറയുന്നതു ശരിയല്ലെന്ന് മാഴ്സ് ഇന്റർനാഷണൽ ഇന്ത്യയുടെ കോർപറേറ്റ് അഫയേഴ്സ് ഡയറക്ടർ നിതിൻ കുൽക്കർണി പറഞ്ഞു. പെറ്റ് ഫുഡ് മാത്രമേ 18 ശതമാനം നികുതിയിൽ വരൂ. മറ്റു വളർത്തുജീവികൾക്കുള്ള തീറ്റയ്ക്കു നികുതി ഇല്ല.
എൽഇഡി ബൾബ് വില കൂടും
ജിഎസ്ടി കേന്ദ്രത്തിന്റെ ഉജാലാ സ്കീമിലുള്ള എൽഇഡി ബൾബിനും ഫാനിനും വിലകൂട്ടും. ട്യൂബിനു വില കുറയും. 12 ശതമാനമാണ് എൽഇഡി ബൾബിനു ജിഎസ്ടി. ഫാനിൽ 28 ശതമാനവും.
ഒന്പതു വാട്ടിന്റെ ബൾബിനു വില 70 രൂപയായി കൂടും. 20 വാട്ട് ട്യൂബിന്റെ വില 230 രൂപയിൽനിന്ന് 220 രൂപയിലേക്കു കുറയും. 50 വാട്ടിന്റെ ഫൈവ് സ്റ്റാർ ഫാനിന് 1150 രൂപയിൽനിന്ന് 1200 രൂപയാകും.
കേന്ദ്ര ഏജൻസിയായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇഇഎസ്എൽ) ആണ് ഉജാലാ സ്കീം നടപ്പാക്കുന്നത്. വ്യാപാരികൾ കൂടുതൽ വില ഈടാക്കിയാൽ 18001803580 എന്ന ഹെൽപ്ലൈൻ നന്പരിലോ ഇഇഎസ്എലിന്റെ ട്വിറ്റർ അക്കൗണ്ടിലോ പരാതിപ്പെടണം.