ന്യൂഡൽഹി: രാജ്യത്ത് ജിഎസ്ടി നടപ്പാകുന്നതോടെ വില ഉയരുന്ന ഇനങ്ങളില്‍ സ്റ്റേഡിയം ടിക്കറ്റുകളും. ഐപിഎല്‍ 20-ട്വന്റി ക്രിക്കറ്റ് , ഐഎസ്എല്‍ ഫുട്ബോള്‍ തുടങ്ങിയ ക്ലബ് മത്സരങ്ങള്‍ കാണുന്നതിനുള്ള ടിക്കറ്റുകള്‍ക്കാണ് ചെലവേറുന്നത്.
ജിഎസ്ടിയിലെ ഉയര്‍ന്ന നികുതി സ്ലാബായ 28 ശതമാനത്തിന്റെ പരിധിയില്‍ വന്നതാണ് ക്ലബ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ക്ക് വിലകൂടാന്‍ കാരണം. എന്നാല്‍ ബിസിസിഐ, ഹോക്കി ഫെഡറേഷന് ഉള്‍പ്പെടയുള്ള സര്‍ക്കാര്‍ അംഗീകൃത ഭരണ സമിതികള്‍ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്ക് നിരക്ക് വര്‍ധന ബാധകമായിരിക്കില്ല.
സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളെ ജിഎസ്ടിയിലെ രണ്ടാമത്തെ ഉയര്‍ന്ന നികുതി പരിധിയായ 18 ശതമാനത്തില്‍ ഉള്‍പ്പെടുത്താന്‍ വ്യാഴാഴ്ച നടന്ന ജിഎസ്ടി കൗണ്‍സിലില്‍ ധാരണയാവുകയായിരുന്നു. ഹോക്കി ഫെഡറേഷനും ഇന്ത്യന്‍ ക്രിക്കറ്റ്ബോര്ഡും മറ്റ് സംസ്ഥാന ഭരണസമിതികളും സാമ്പത്തിക ലാഭത്തിനല്ല മറിച്ച് കായികം രംഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് എന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഇവയെ ഉയര്‍ന്ന പരിധിയില്‍ നിന്നൊഴിവാക്കാന്‍ കൗണ്‍സിലില്‍ തീരുമാനമെടുത്തത്.
അതിനാല്‍തന്നെ ഏകദിന-ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളുടെ ടിക്കറ്റ് നിരക്കില്‍ കാര്യമായ മാറ്റുമുണ്ടാകില്ല. അതേസമയം, ഐപിഎലില്‍ മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയത്തിലെ 250രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ പൂര്‍ണമായും ജിഎസ്ടിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.