കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരു കള്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നിലവിലെ ജിഎസ്ടി നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വിവിധ വ്യാപാരസംഘടനകള്‍ ആവശ്യപ്പെട്ടു. നിലവിലെ ജിഎസ്ടി നിരക്കുകള്‍ തന്നെ കുറയ്ക്കണമെന്ന ആവശ്യം നിലനില്‍ക്കേ വീണ്ടും വര്‍ധന ജനജീവിതത്തെ ദുസ്സഹമാക്കും. അതിനു പുറമെ റെയില്‍വേ നിരക്കുകളും വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നു.
ജിഎസ്ടി നിരക്കുകള്‍ വര്‍ധിപ്പിക്കുകയല്ല, നികുതി ചോര്‍ച്ച തടയുകയും അനാവശ്യ ആര്‍ഭാട-ധൂര്‍ത്തുകള്‍ ഒഴിവാക്കി ചെലവുകള്‍ നിയന്ത്രിക്കുകയുമാണു വേണ്ടത്. നടപ്പാക്കി രണ്ടു വര്‍ഷത്തിലധികം പിന്നിട്ടിട്ടും ജിഎസ്ടി നിരക്കുകളില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല.
അടിക്കടിയുള്ള നിരക്ക്-നിയമ മാറ്റങ്ങള്‍ നികുതിദായകരിലും ഉപഭോക്താക്കളിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. കേരളത്തില്‍ ജിഎസ്ടി ആര് -3 ബി നടപ്പു വര്‍ഷം ഒക്ടോബര്‍ വരെ സങ്കീര്‍ണതകാരണം 26,940 പേര് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ല. 5359 പേര് ഈ കാലയളവില്‍ കച്ചവടം അവസാനിപ്പിച്ചു.
ഇടത്തര-ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ ഒന്നൊന്നായി പൂട്ടിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനമായ കേരളത്തില്‍ ഭീമമായ വിലക്കയറ്റംമൂലം നിര്‍മാണമേഖല സ്തംഭനത്തിലും മുന്‍കാല പ്രാബല്യത്തോടെയുള്ള കെട്ടിട നികുതി വര്‍ധന ഉടമകളെയും കൈവശക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്.സ്വര്‍ണവും അതിന് ഈടാക്കുന്ന വന്‍ പിഴയും തീരുവയും പൂര്‍ണമായും കേന്ദ്രസര്‍ക്കാരിനു മാത്രമാണ് ലഭിക്കുന്നത്.
അതില്‍ നിന്ന് അര്‍ഹമായ വിഹിതം സംസ്ഥാനത്തിനു ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം.
വളരെ കൃത്യമായി കൂടിക്കൊണ്ടിരുന്ന സംസ്ഥാന ജിഎസ്ടി ഫെസിലിറ്റേഷന്‍ കമ്മിറ്റി യോഗം കഴിഞ്ഞ ഫെബ്രുവരി മാസത്തിനു ശേഷം വിളിച്ചു ചേര്‍ത്തിട്ടില്ല. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ അടിയന്തരമായി ഈ യോഗം വിളിച്ചു ചേര്‍ക്കണമെന്നു വിവിധ സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.
ആള് കേരള കണ്‍സ്യൂമര്‍ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് , ഡിസ്ട്രിക് മര്‍ച്ചന്റ്സ് അസോസിയേഷന്, ആള് ഇന്ത്യാ ആയുര്‍വേദിക് സോപ്പ് മാനുഫാക്ചറേഴ്സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, സ്മാള്‍ സ്കെയില്‍ ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന് എന്നിവരുടെ സംയുക്തയോഗത്തില്‍ എകെസിജിഡിഎ പ്രസിഡന്റും സംസ്ഥാന ജിഎസ്ടി കൗണ്‍സില്‍ അംഗവുമായ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.