സ്വന്തം ലേഖകൻ
തൃശൂർ: പ്രളയ സെസ് നാളെ മുതൽ. സംസ്ഥാനത്തു സാധനങ്ങൾക്കും സേവനങ്ങൾക്കും ഒരു ശതമാനം വില വർധിക്കും. വിപണിയിൽ നിലവിലുള്ള പഴയ സ്റ്റോക്കിനും വില വർധിക്കുമെന്നാണ് ജിഎസ്ടി അധികൃതർ നൽകുന്ന വിശദീകരണം.
ജിഎസ്ടി 12, 18, 28 ശതമാനം നിരക്കുള്ള ഉൽപന്നങ്ങൾക്കാണ് ഒരു ശതമാനം പ്രളയ സെസ് ചുമത്തുന്നത്. ഹോട്ടൽ ഭക്ഷണം, ട്രെയിൻ യാത്ര, ബസ് യാത്ര എന്നിവ ഒഴികേയുള്ള സേവനങ്ങൾക്കും ഒരു ശതമാനം സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്വർണത്തിനു കാൽ ശതമാനമാണു സെസ്. ഒരു വർഷം ഇങ്ങനെ അഞ്ഞൂറു കോടി രൂപ അധികമായി സമാഹരിക്കും. രണ്ടു വർഷംകൊണ്ട് ആയിരം കോടി പിരിച്ചെടുക്കാനാണ് ലക്ഷ്യം.
പ്രളയത്തിനുശേഷം നവകേരള നിർമിതിക്കു പണം കണ്ടെത്താനാണ് സംസ്ഥാന സർക്കാർ ജിഎസ്ടിയിൽ ഒരു ശതമാനം അധിക നികുതി ചുമത്തുന്നത്. ഇതിനു കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. ജിഎസ്ടി ചട്ടങ്ങളിലെ 32 എ ഇതിനായി ഭേദഗതി ചെയ്തു.
ഉൽപന്നങ്ങളുടെ വില സെസ് അടക്കമുള്ള തുകയെന്നാണ് കേന്ദ്ര ചട്ടങ്ങളിലെ വ്യവസ്ഥ. അതിനാൽ സെസിനും ജിഎസ്ടി ചുമത്തേണ്ട അവസ്ഥയായിരുന്നു. വിലയിൽനിന്ന് സെസിനെ വേർതിരിക്കാനാണ് 32 എ ഭേദഗതി ചെയ്തത്.
ലോക്സഭാ തെരഞ്ഞെടുപ്പുമൂലമാണ് സെസ് പിരിവ് ഇത്രയും വൈകിയത്. ജൂണ്‍ മാസത്തോടെ തുടങ്ങാനിരുന്നതാണെങ്കിലും ജിഎസ്ടി 32 എ ചട്ടം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തുകിട്ടാൻ കാത്തിരിക്കുകയായിരുന്നു.
പ്രളയസെസിനെതിരേ ചിലർ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും സെസ് ഏർപ്പെടുത്തുന്നതു സ്റ്റേ ചെയ്തിട്ടില്ല. രാജ്യമെങ്ങും ഒരേ നികുതി എന്ന ജിഎസ്ടി യുടെ അടിസ്ഥാന ആശയം ലംഘിക്കുന്നതിനെ ചോദ്യം ചെയ്താണ് ഹർജി നൽകിയിട്ടുള്ളത്.