ന്യൂഡൽഹി: ഒരു വർഷം ഒരു ലക്ഷം കോടി രൂപയുടെ അധികവരുമാനം ഉറപ്പാക്കുന്ന വിധം ജിഎസ്ടിയിൽ വലിയ മാറ്റം വരുത്താൻ കേന്ദ്രം ആലോചിക്കുന്നു. നികുതി വരുമാനം കൂട്ടാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ നിയുക്തമായ കമ്മിറ്റിയുടെ പരിഗണനയിലാണു നിർദേശം. അഞ്ചു ശതമാനം നിരക്ക് ഇരട്ടിപ്പിക്കുകയും 12 ശതമാനം സ്ലാബ് 18 ശതമാനം സ്ലാബിൽ ലയിപ്പിക്കുകയും ചെയ്യാനാണ് ആലോചന.
പ്രതിമാസം 1.18 ലക്ഷം കോടി രൂപ ജിഎസ്ടിയിൽ നിന്നു ലക്ഷ്യമിട്ടാണ് കേന്ദ്രം ബജറ്റ് അവതരിപ്പിച്ചത്. പക്ഷേ എട്ടു മാസം പിന്നിട്ടിട്ടും മൂന്നു തവണയേ ഒരു ലക്ഷം കോടിക്കു മുകളിൽ നികുതിപിരിവ് എത്തിയുള്ളു. മറ്റു നികുതികളുടെ കാര്യത്തിലും പ്രതീക്ഷിച്ച വരവ് ഇല്ല. സാന്പത്തിക വളർച്ച കുറവാകുമെന്ന് ഉറപ്പായതിനാൽ നികുതി പിരിവ് വർധിപ്പിക്കാൻ നിരക്ക് കൂട്ടുകയേ മാർഗമുള്ളൂ എന്നു കേന്ദ്രം കരുതുന്നു.
വരുമാന വർധനയ്ക്കു രണ്ടു നിർദേശങ്ങളാണു പരിഗണനയിൽ ഉള്ളത്. ജിഎസ്ടി താഴത്തെ സ്ലാബിലെ നികുതി നിരക്ക് ഇരട്ടിപ്പിക്കുന്നതിനു പകരം ഒരു ശതമാനം മാത്രം കൂട്ടുക, ആർഭാട സാമഗ്രികളുടെ നികുതിയും സെസും കൂട്ടുക എന്നൊരു ബദൽ നിർദേശവും പരിഗണിക്കുന്നുണ്ട്.
ആദ്യ സ്ലാബിലെ നിരക്ക് ഇരട്ടിപ്പിക്കുകയും രണ്ടാം സ്ലാബ് മൂന്നാമത്തേതിൽ ലയിപ്പിക്കുകയും ചെയ്യുന്ന ഒന്നാമത്തെ നിർദേശത്തോടു മിക്ക സംസ്ഥാനങ്ങൾക്കും എതിർപ്പാണ്. നിത്യോപയോഗ സാധനങ്ങൾക്കും ഇടത്തരക്കാരുടെ ആവശ്യവസ്തുക്കൾക്കും വില കൂടും. ഇതു രൂക്ഷമായ എതിർപ്പിനു വഴിതെളിക്കുമെന്നു പല സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടുന്നു. ബദൽ നിർദേശവും നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടുമെങ്കിലും വർധന കുറവായിരിക്കും.
ആർഭാട വസ്തുക്കൾക്കും സിഗരറ്റ് അടക്കം പുകയില വസ്തുക്കൾക്കും കോളകൾക്കും വില കൂടുന്നത് അത്ര പ്രശ്നമാവില്ല. എന്നാൽ, വാഹനങ്ങൾക്കു നികുതിയും സെസും കൂടിയാൽ വില്പന കുറയും എന്ന ഭയപ്പാടുണ്ട്.ഈ മാസം 18നു ജിഎസ്ടി കൗൺസിൽ ചേരുന്നുണ്ട്. അതിനു മുന്പു സംസ്ഥാനങ്ങൾക്കു നിർദേശങ്ങൾ നൽകണം. ഈയാഴ്ചതന്നെ കമ്മിറ്റി നിർദേശങ്ങൾ ജിഎസ്ടി സെക്രട്ടേറിയറ്റിനു നൽകുമെന്നു കരുതപ്പെടുന്നു.
എല്ലാ സംസ്ഥാന ധനമന്ത്രിമാരും അംഗങ്ങളായ ജിഎസ്ടി കൗൺസിലിന്റെ അധ്യക്ഷ കേന്ദ്രധനമന്ത്രിയാണ്.ജിഎസ്ടി പിരിവ് കുറഞ്ഞതു മൂലം സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും വരവ് കുറഞ്ഞു. തന്മൂലം കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകേണ്ട നഷ്ടപരിഹാരത്തുക വർധിച്ചു. ഇതു നൽകാൻ ഇപ്പോഴത്തെ നികുതി പിരിവ് പോരാ. അതിനാൽ നികുതി വർധിപ്പിക്കാൻ സമ്മതിക്കണം എന്നാണു സംസ്ഥാനങ്ങളോടു കേന്ദ്രം ആവശ്യപ്പെടുന്നത്.
ജിഎസ്ടിയിൽ വരുത്തേണ്ട മാറ്റങ്ങൾ
ഒന്നാമത്തെ നിർദേശം
- ജിഎസ്ടിയുടെ ഏറ്റവും താഴത്തെ സ്ലാബിലെ നികുതി അഞ്ചു ശതമാനത്തിൽ നിന്ന് ഒന്പതോ പത്തോ ശതമാനമാക്കുക.
- ജിഎസ്ടിയുടെ രണ്ടാം സ്ലാബ് (12 ശതമാനം നികുതി) ഇല്ലാതാക്കുക. ഇതിലെ 243 ഇനങ്ങൾ 18 ശതമാനം നികുതി ഉള്ള മൂന്നാം സ്ലാബിലാക്കുക.
- നികുതി ചുമത്താത്ത കുറേ ഇനങ്ങൾ കൂടി ജിഎസ്ടിയുടെ താഴ്ന്ന സ്ലാബിലേക്കു കൊണ്ടുവരിക.
ബദൽ നിർദേശം
- ജിഎസ്ടിയുടെ താഴ്ന്ന സ്ലാബിലെ അഞ്ചുശതമാനം നികുതി ആറു ശതമാനമാക്കുക.
- വാഹനങ്ങൾ, കോളകൾ, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കുള്ള ഉയർന്ന നികുതി നിരക്കും (28 ശതമാനം) അവയ്ക്കുള്ള കോന്പൻസേഷൻ സെസും കൂട്ടുക.
- നികുതി വലയിൽ വരാത്ത കുറേ ഇനങ്ങൾ കൂടി ജിഎസ്ടിയിൽ ആക്കുക.
ആശുപത്രിച്ചെലവും നികുതിയിലേക്ക്; കള്ളിനും ജിഎസ്ടി
ജിഎസ്ടി വരുമാനം കൂട്ടാനുള്ള നിർദേശങ്ങളിൽ ഒന്ന് ചെലവേറിയ സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കു ജിഎസ്ടി ചുമത്തുക എന്നതാണ്. ഇപ്പോൾ ആശുപത്രിയിലെ ചികിത്സയ്ക്കു നികുതിയില്ല. ഇത് അഞ്ചു ശതമാനം നികുതിയുള്ള സ്ലാബിൽപെടുത്താനാണു നിർദേശം. ആശുപത്രിച്ചെലവിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തുക എന്നു വ്യക്തമായിട്ടില്ല.
മുറിവാടക പ്രതിദിനം 1000 രൂപയിൽ താഴെയുള്ള ഹോട്ടലിലെ താമസം, കള്ള്, റോ സിൽക്ക്, ബ്രാൻഡ് ചെയ്യാത്ത പനീർ എന്നിവയും നികുതി വിധേയമാക്കാൻ നിർദേശമുണ്ട്. കന്പനികൾ വീടുകൾ ലീസിനെടുക്കുന്നതും നികുതി വലയിലാക്കും.
നികുതി വർധിക്കാവുന്നവ
അഞ്ചു ശതമാനം സ്ലാബിൽ പെട്ടവ
ബ്രാൻഡ് ചെയ്ത ധാന്യങ്ങൾ, ധാന്യപ്പൊടി, ഔഷധങ്ങൾ, സ്റ്റെന്റ്, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യഎണ്ണകൾ, എണ്ണക്കുരുക്കൾ, ആയുർവേദ മരുന്നുകൾ, രാസവളം, മണ്ണെണ്ണ, ഗാർഹിക എൽപിജി, പഞ്ചസാര, ഇൻസുലിൻ, ജൈവവളം, സ്വാഭാവിക റബർ, തുകൽ, ന്യൂസ്പ്രിന്റ്, സിൽക്ക്, വൂൾ, 1000 രൂപ വരെയുള്ള ചെരുപ്പുകൾ, 1000 രൂപ വരെയുള്ള വസ്ത്രങ്ങൾ, ഇക്കോണമി ക്ലാസ് വിമാനയാത്ര, ഫസ്റ്റ്/സെക്കൻഡ് ക്ലാസ് എസി ട്രെയിൻ യാത്ര, ക്രൂയിസ് യാത്ര, ഔട്ട്ഡോർ കേറ്ററിംഗ്, റസ്റ്ററന്റ് സേവനം, സോളോർ വാട്ടർ ഹീറ്റർ, സോളോർ ഉത്പന്നങ്ങൾ, കാറ്റാടി മില്ലുകൾ, ബയോഗ്യാസ് പ്ലാന്റ്.
12 ശതമാനം സ്ലാബിൽ പെട്ടവ
നെയ്യ്, വെണ്ണ, ഡ്രൈ ഫ്രൂട്ടുകൾ, സോസേജ്, പാസ്ത, അച്ചാർ, ജാം, ഫ്രൂട്ട് ജ്യൂസ്, ഫ്രൂട്ട് പൾപ്പ്, മാർബിൾ, ഗ്രാനൈറ്റ്, മഷി, റബർ ബാൻഡ്, സർജിക്കൽ ഗ്ലൗസ്, സ്പോർട്സ് ഗ്ലൗസ്, പാർട്ടിക്കിൾ ബോർഡ്, പായ്ക്കിംഗ് കേസ്, വുഡ് പൾപ്പ്, പേപ്പർ, പേപ്പർ ബോർഡ്, അച്ചടിച്ച കാർഡ്, കാർപെറ്റ്, പാത്രങ്ങൾ, മോട്ടോറുകൾ, പന്പുകൾ, കൊയ്ത്ത്-മെതിയന്ത്രങ്ങൾ, കറവയന്ത്രം, മൊബൈൽ ഫോൺ, എൽഇഡി ലാബ്, റെയിൽവേ എൻജിൻ, ട്രാക്ടർ, സൈക്കിൾ, ഗ്ലൂക്കോമീറ്റർ, കോൺടാക്റ്റ് ലെൻസ് കണ്ണട (ഫ്രെയിമും ലെൻസും) ചൂരൽ ഫർണിച്ചർ, കയർ ഉത്പന്നങ്ങൾ, സംസ്ഥാന ലോട്ടറികൾ, 5000-7500 രൂപ വാടകയുള്ള ഹോട്ടൽ മുറികൾ, ബിസിനസ് ക്ലാസ് വിമാനയാത്ര.