നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
2017 മാർച്ച് 29ൽ സിജിഎസ്ടി, യുടിജിഎസ്ടി, ഐജിഎസ്ടി, സംസ്ഥാനങ്ങൾക്ക് ചരക്കുസേവനനികുതി മൂലം ഉണ്ടാകുന്ന നഷ്ടത്തിന്റെ പരിഹാരബിൽ എന്നീ നാലു ബില്ലുകൾ ലോക്സഭ പാസാക്കി. ഏപ്രിൽ അഞ്ചിന് പ്രസ്തുത ബില്ലുകൾ രാജ്യസഭയും പാസാക്കി. കേന്ദ്രസർക്കാർ തീരുമാനപ്രകാരം ജൂലൈ ഒന്നു മുതൽ ചരക്കുസേവനനികുതി ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്നതാണ്.
ചരക്കുസേവന നികുതി ഉപഭോക്തൃ നികുതിയാണ്. അത് ഉപയോഗിക്കപ്പെടുന്ന സംസ്ഥാനത്താണ് നികുതി ബാധകമാകുന്നത്. അതിനാൽ ഏതു സംസ്ഥാനത്താണ് പ്രസ്തുത ചരക്ക് അല്ലെങ്കിൽ സേവനം ഉപയോഗിക്കപ്പെടുന്നത് അവിടെയായിരിക്കും നികുതി ഉണ്ടാകുന്നത്. ഉദാഹരണമായി തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്ക് ചരക്കെത്തിച്ചാൽ കേരളത്തിനാണ് നികുതി ബാധകമാകുന്നത്. നിലവിൽ ഇത് തമിഴ്നാട്ടിനാണ് ബാധകം. നിലവിലുള്ള നികുതിയുമായുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണ്.
ചരക്കുസേവന നികുതി ജമ്മു കാഷ്മീർ ഒഴികെ ഇന്ത്യയിൽ മുഴുവൻ ബാധകമാണ്. അതിനാൽ ജമ്മു കാഷ്മീരിലേക്ക് വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് ചരക്കു സേവന നികുതി ബാധകമാകുന്നില്ല. മറിച്ച് ജമ്മു കാഷ്മീരിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്താൽ നികുതി ബാധകമാകുന്നതാണ്.
ചരക്കുസേവനനികുതിക്കു വേണ്ടിയുള്ള ഭരണഘടനാ മാറ്റം 2015 മേയ് ആറിന് ലോക്സഭയും 2016 ഓഗസ്റ്റ് മൂന്നിന് രാജ്യസഭയും പാസാക്കിയതാണ്. 2016 സെപ്റ്റംബർ എട്ടിന് പ്രസിഡന്റിന്റെ അംഗീകാരവും ലഭിച്ചതാണ്. സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഒരേപോലെ നികുതി പിരിക്കാൻ നിയമ സാധുതയില്ലാത്തതിനാലാണ് ഭരണഘടന ഭേദഗതി ചെയ്യേണ്ടി വന്നത്.
ചരക്കുസേവനനികുതി പ്രാബല്യത്തിൽ വരുന്നതോടെ നിലവിലുള്ള പല നികുതികളും അപ്രത്യക്ഷമാകും. കേന്ദ്രനികുതികളായ സെൻട്രൽ എക്സൈസ് ഡ്യൂട്ടി, അഡീഷണൽ എക്സൈസ് ഡ്യൂട്ടി, ടോയിലറ്ററീസിൻ മേലുള്ള എക്സൈസ് ഡ്യൂട്ടി, സേവനനികുതി, സിവിഡി, എസ്എഡി, സർചാർജുകൾ, സെസുകൾ എന്നിവ അപ്രത്യക്ഷമാകും.
സംസ്ഥാന നികുതികളായ വാറ്റ്, വില്പന നികുതി, സിഎസ്ടി, വാങ്ങൽ നികുതി, ആഡംബര നികുതി, പ്രവേശന നികുതി, വിനോദ നികുതി, ലോട്ടറി ടാക്സുകൾ എന്നിവയും നിലവിൽ ഇല്ലാതാകും.
എന്നാൽ, മനുഷ്യോപയോഗത്തിനുള്ള ആൽക്കഹോൾ, ബേസിക് കസ്റ്റംസ് ഡ്യൂട്ടി, മുദ്രപത്ര ചാർജുകൾ, മോട്ടോർ വെഹിക്കിൾ ടാക്സ്, ഇലക്ട്രിസിറ്റി ടാക്സ്, പെട്രോളിയത്തിന്മേലുള്ള ടാക്സ് എന്നിവ തുടർന്നും ഉണ്ടാകും. ചരക്കുസേവന നികുതിയിൽ നികുതി ചുമത്തുന്നത് വിതരണ (സപ്ലൈ) സമയത്തായതിനാൽ ഉത്പാദനസമയത്തോ സേവനസമയത്തോ ഉള്ള നികുതികൾ അപ്രത്യക്ഷമാകും.
അതിനാൽ ചരക്കുകളുടെയും സേവനത്തിന്റെയും സപ്ലെെയ്ക്കാണ് പ്രമുഖ സ്ഥാനം നല്കിയിരിക്കുന്നത്. സപ്ലൈ എന്ന വാക്കിന്റെ നിർവചനത്തിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു. വില്പന, ട്രാൻസ്ഫർ, ബാർട്ടർ, എക്സ്ചേഞ്ച്, ലീസ്, വാടക, ലൈസൻസ് എന്നിവയാണ് അവ.
ബിസിനസിന്റെ ആവശ്യത്തിലേക്ക് നടത്തുന്ന സപ്ലൈയ്ക്കാണ് ചരക്കുസേവന നികുതി നിയമം ബാധകമാകുന്നത്. അന്തർസംസ്ഥാന സ്റ്റോക്ക് ട്രാൻസ്ഫറുകളിൽ ചരക്ക് വാങ്ങൽ നടത്തി ഒരു വർഷത്തിനകം ട്രാൻസ്ഫർ ചെയ്താൽ മാത്രമേ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുകയുള്ളൂ. സംസ്ഥാനത്തിനകത്തുള്ള സപ്ലൈയ്ക്ക് സിജിഎസ്ടി, എസ്ജിഎസ്ടി, യുടിഎസ്ടി (കേന്ദ്ര ഭരണപ്രദേശത്ത്) എന്നിവയാണ് ബാധകമാവുന്നത്.
ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് താഴെപ്പറയുന്ന രീതിയിൽ ഉപയോഗിക്കപ്പെടാവുന്നതാണ്.
ഐജിഎസ്ടി ക്രെഡിറ്റ്: ഇത് ആദ്യം ഐജിഎസ്ടിക്കും പിന്നീട് സിജിഎസ്ടിക്കും ബാലൻസുണ്ടെങ്കിൽ എസ്ജിഎസ്ടിയുടെ പേമെന്റിനും വേണ്ടി സെറ്റ് ഓഫ് ചെയ്യാവുന്നതാണ്.
സിജിഎസ്ടിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സിജിഎസ്ടിയുടെ അടവിനും എസ്ജിഎസ്ടിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എസ്ജിഎസ്ടിയുടെ പേമെന്റിനും യുടിജിഎസ്ടിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് യുടിജിഎസ്ടിയുടെ പേമെന്റിനും ഉപയോഗിക്കപ്പെടാവുന്നതാണ്. ക്രോസ് യൂട്ടിലൈസേഷൻ അനുവദിക്കുന്നതല്ല.
ഒരു സംസ്ഥാനത്ത് ഒരു രജിസ്ട്രേഷൻ ആണ് സാധാരണ രീതിയിൽ അനുവദിക്കുന്നത്. എന്നാൽ, വിവിധ ഡിവിഷനുകളിലുള്ള വ്യവസായങ്ങൾക്ക് ഒറ്റ പാൻ നന്പറിന്റെ കീഴിൽ പ്രത്യേകം രജിസ്ട്രേഷൻ എടുക്കാവുന്നതാണ്. പക്ഷേ, ഓരോ രജിസ്ട്രേഷനും പ്രത്യേകം പ്രത്യേകമായി കണക്കാക്കപ്പെടേണ്ടതും സാധനങ്ങളുടെ വിതരണത്തിൽ പ്രത്യേകം നികുതി ചുമത്തപ്പെടേണ്ടതുമാണ്.
കേരളത്തിൽ 20 ലക്ഷം രൂപയിൽ താഴെ ടേണോവർ ഉള്ള വ്യാപാരികൾക്കും സേവനദാതാക്കൾക്കും രജിസ്ട്രേഷൻ നിർബന്ധമില്ല. എന്നാൽ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ 10 ലക്ഷം രൂപയാണ് രജിസ്ട്രേഷനുള്ള ലിമിറ്റ്.
ഇന്ത്യയിൽ നാലു ജിഎസ്ടി നിരക്കുകളാണ് നിലവിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. 5%, 12%, 18%, 28% എന്നിവയായിരിക്കും നികുതി നിരക്കുകൾ. നിത്യോപയോഗ സാധനങ്ങൾക്ക് താഴ്ന്ന നിരക്കും ആഡംബര വസ്തുക്കൾക്ക് ഉയർന്ന നിരക്കും എന്ന തോതിലായിരിക്കും നികുതി നിരക്കുകൾ നിശ്ചയിക്കുന്നത്. കൂടാതെ നിലവിൽ ഉയർന്ന നികുതി ഘടകങ്ങളുള്ള വസ്തുക്കൾക്ക് സെസും ഈടാക്കുന്നതായിരിക്കും.
ഇറക്കുമതി അന്തർ സംസ്ഥാന വ്യാപാരത്തിന് തുല്യമായ രീതിയിലാണ് പരിഗണിക്കുന്നത്. അവയ്ക്ക് ഇന്റഗ്രേറ്റഡ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ഐജിഎസ്ടി) ആണ് ചുമത്തുന്നത്. ഇറക്കുമതി ചെയ്യപ്പെടുന്ന വസ്തുക്കളുടെ നികുതി നിശ്ചയിക്കുന്നത്, ഏതു സംസ്ഥാനത്തിലാണോ അത് ഇറക്കുമതി ചെയ്യുന്നത്, അവിടെയായിരിക്കും.
കയറ്റുമതിക്ക് നികുതി ഉണ്ടായിരിക്കുന്നതല്ല. എന്തെന്നാൽ കയറ്റുമതി ചെയ്യപ്പെടുന്ന ചരക്കുകൾ ലഭിക്കുന്നത് മറ്റു രാജ്യങ്ങളിലായതിനാൽ അവിടെ നികുതി ചുമത്താൻ സാധിക്കില്ല. ഇറക്കുമതി ചെയ്യപ്പെടുന്ന അവസരങ്ങളിലും രജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരികളോട് വാങ്ങുന്ന സമയത്തും റിവേഴ്സ് ടാക്സ് മെക്കാനിസമാണ് ബാധകമാകുന്നത്. വസ്തുക്കൾ സ്വീകരിക്കുന്ന വ്യക്തി ഇൻവോയ്സ് തയാറാക്കേണ്ടതും നികുതി ബാധ്യത ഡിസ്ചാർജ് ചെയ്യപ്പെടേണ്ടതുമാണ്.
ചരക്കു സേവനനികുതി നിയമത്തിൽ പ്രതിമാസം മൂന്നു റിട്ടേണുകൾ ഫയൽ ചെയ്യേണ്ടതായിട്ടുണ്ട്. അടുത്ത മാസം പത്താം തീയതിക്കു മുന്പായി ഒൗട്ട്വേഡ് സപ്ലൈ റിട്ടേണുകളും 15-ാം തീയതിക്കു മുന്പായി ഇൻവേഡ് സപ്ലൈ റിട്ടേണുകളും, നികുതി കണക്കുകളുടെ റിട്ടേണ് 20-ാം തീയതിക്കു മുന്പായും ഫയൽ ചെയ്യപ്പെടേണ്ടതാണ്.
ഇതു കൂടാതെ പിറ്റേവർഷം ഡിസംബർ അവസാനിക്കുന്നതിനു മുന്പായി വാർഷിക റിട്ടേണും സമർപ്പിക്കേണ്ടതാണ്. 50 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾക്ക് കോന്പൗണ്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥയും ഈ നിയമത്തിനുണ്ട്. കോന്പൗണ്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുകയില്ല. ഇവ കൂടാതെ കംപ്ലയൻസ് റേറ്റിംഗും നിലവിലുണ്ടാകും.
എല്ലാ നികുതിദായകർക്കും റേറ്റിംഗ് അനുവദിച്ച് അവ വെബ്സൈറ്റിൽ പരസ്യപ്പെടുത്തുന്നതാണ്. വെബ്സൈറ്റിൽ പരസ്യപ്പെടുത്തുന്നതിനാൽ എല്ലാവർക്കും കാണാവുന്നതും തീരുമാനമെടുക്കുന്നതിന് മുന്പ് ഓരോ നികുതിദായകന്റെയും റേറ്റിംഗ് സ്റ്റാറ്റസ് അനുസരിച്ച് ബിസിനസിൽ ഇടപെടാവുന്നതുമാണ്.