തിരുവനന്തപുരം: ഈ സാമ്പത്തികവർഷം കേരളത്തിനു ജിഎസ്ടി വരുമാനത്തിൽ പത്തു ശതമാനം വർധന മാത്രം. അടുത്ത വർഷം 30 ശതമാനം വളർച്ച കൈവരിക്കാനാകുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പ്രതീക്ഷ പ്രകടിപ്പിച്ചു.
ജിഎസ്ടി നടപ്പിലാക്കിയപ്പോഴുള്ള വ്യവസ്ഥ പ്രകാരം കേന്ദ്ര സർക്കാർ 14 ശതമാനം നികുതി വർധന ഉറപ്പു നല്കിയിരുന്നു. വരുമാനത്തിൽ വരുന്ന കുറവ് കേന്ദ്രം നികത്തിത്തരും. അതുകൊണ്ടു കേരളത്തിന് 14 ശതമാനം വരുമാനവളർച്ച ഉറപ്പുണ്ട്. എന്നാൽ, അടുത്ത വർഷം കേന്ദ്രത്തിന്റെ ഒൗദാര്യം കൈപ്പറ്റേണ്ടി വരില്ലെന്നാണു പ്രതീക്ഷയെന്നു മന്ത്രി പറഞ്ഞു.
കാര്യക്ഷമമായി നികുതി പിരിച്ചെടുക്കുന്നതിനുള്ള രേഖകൾ ലഭ്യമായിട്ടില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇതിനുള്ള സംവിധാനങ്ങൾ ഇനിയും പൂർണമായി തയാറായിട്ടില്ല. നികുതി നല്കാതെ ചരക്കുകൾ കേരളത്തിലേക്കു കടക്കുന്നുണ്ടെന്നു മന്ത്രി സമ്മതിച്ചു. നാലായിരം കോടി രൂപയുടെയെങ്കിലും നികുതിവെട്ടിപ്പ് നടക്കുന്നുണ്ട്. ഇ- വേ ബില്ലിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ജൂണോടെ കാര്യക്ഷമമായി നിലവിൽവരും. അതോടെ നികുതിചോർച്ച ഒഴിവാക്കാൻ കഴിയും.
ഉപഭോക്തൃസംസ്ഥാനമായ കേരളത്തിനു ജിഎസ്ടി കാര്യമായ നേട്ടമുണ്ടാക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഉത്പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്കാണു താരതമ്യേന നേട്ടമുണ്ടാക്കാനായത്. അവിടങ്ങളിൽ ഉത്പാദിപ്പിക്കപ്പെട്ട ഉത്പന്നങ്ങൾ അവിടെത്തന്നെ ഉപയോഗിച്ചപ്പോൾ അന്തർസംസ്ഥാന ജിഎസ്ടിയിലൂടെയുള്ള വെട്ടിപ്പ് ഒഴിവാക്കാനായതാണ് ഗുണകരമായതെന്നു കരുതുന്നു.
പ്രവാസി ചിട്ടിയിൽ സാവധാനം മുന്നോട്ടു പോയാൽ മതിയെന്നു സർക്കാർ തീരുമാനിച്ചതാണെന്നു മന്ത്രി പറഞ്ഞു. പ്രവാസി ചിട്ടിയിൽ മൊത്തം ബിസിനസ് ഈ വർഷം അവസാനിക്കുമ്പോൾ 25,000 – 30,000 കോടി രൂപയായി വർധിക്കും. ഇപ്പോൾ യുഎഇയിൽ മാത്രമാണു ചിട്ടിയുള്ളത്.
ബജറ്റ് കഴിയുമ്പോൾ ഗൾഫ് രാജ്യങ്ങളിലെല്ലാം വ്യാപിപ്പിക്കും. ഏതാനും മാസങ്ങൾ കഴിയുമ്പോൾ ലോകത്തെവിടെയും പ്രവാസി ചിട്ടി വ്യാപിപ്പിക്കും. ചെറിയ തോതിൽ ചിട്ടി തുടങ്ങിയപ്പോൾ തന്നെ മൂന്നേമുക്കാൽ കോടി രൂപയോളം കിഫ്ബി ബോണ്ടിൽ നിക്ഷേപിക്കാൻ സാധിച്ചത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു.