കണ്ണൂർ: പൊതുമരാമത്ത് ജോലി കളുടെ കുടിശിക ബില്ലുകൾ ജിഎസ്ടിയിലേക്കു മാറ്റാനുള്ള സർക്കാർ തീരുമാനം നിർമാണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകും. പൊതുമരാമത്ത് പണികൾ നടത്തിയ വകയിൽ കരാറുകാർക്ക് 1600 കോടി രൂപ നൽകാനുണ്ട്.
കുടിശിക ബില്ലുകൾ ജിഎസ്ടിയിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന ഉയർന്ന നികുതി ഈ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും. കടുത്ത സാമ്പത്തിക ബാധ്യതയിൽ തുടർപ്രവൃത്തികൾ ഏറ്റെടുത്തു നടത്താനാവില്ലെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ദീപികയോടു പറഞ്ഞു
കരാർ ഏറ്റെടുക്കുന്ന സമയത്തെ വാറ്റ് സമ്പ്രദായ പ്രകാരമുള്ള നാലു ശതമാനം നികുതിയേ കുടിശിക തുകയ്ക്ക് ഈടാക്കാൻ പാടുള്ളൂവെന്നാണ് കരാറുകാരുടെ ആവശ്യം. ജൂലൈ മുതലുള്ള പ്രവൃത്തികൾക്ക് ജിഎസ്ടി ചുമത്താം. അല്ലെങ്കിൽ ജിഎസ്ടിയിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന അധിക നികുതിബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും കോൺട്രാക്ടർമാർ ആവശ്യപ്പെടുന്നു.
നാല് ശതമാനം നിരക്കിൽ കോമ്പൗണ്ടിംഗ് നടത്തിയ പ്രവൃത്തികളുടെ ബില്ലുകൾക്ക് ജിഎസ്ടിയിൽ 12 ശതമാനം നികുതി നൽകേണ്ടിവരും. കരാറുകാരുടേതല്ലാത്ത കാരണത്താലുണ്ടാകുന്ന അധികബാധ്യത താങ്ങാനാകില്ല. ജൂലൈ ഒന്നിനു മുമ്പ് പരമാവധി കുടിശിക ബില്ലുകളുടെ പണം നൽകിയാൽ അധികം നഷ്ടം ഒഴിവാക്കാനുമാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പാസാക്കപ്പെട്ട ബില്ലുകൾ ഇക്കഴിഞ്ഞ മാർച്ച് 30, 31 തീയതികളിൽ ട്രഷറികളിൽ സമർപ്പിച്ചുവെങ്കിലും ഇതുവരെ പണം നൽകിയിട്ടില്ല. ഇതു മാത്രം 100 കോടി രൂപ വരും. കണ്ണൂരിൽ മാത്രം ജില്ലാ പഞ്ചായത്തിന് 17 കോടി രൂപയുടെയും കണ്ണൂർ കോർപറേഷന് 15 കോടി രൂപയുടെയും കുടിശികയുണ്ട്. അറ്റകുറ്റപ്പണികളുടെ ബില്ലുകൾക്ക് പണം അനുവദിച്ചുവെങ്കിലും കരാറുകാർക്ക് വിതരണം ചെയ്തിട്ടില്ല. ഇത് 300 കോടി രൂപ വരും.
ദേശീയ കുടിവെള്ള പദ്ധതിയിൽ കേന്ദ്രവിഹിതമായി രണ്ടു മാസം മുമ്പു ലഭിച്ച 52 കോടി രൂപയും കരാറുകാർക്ക് നൽകിയിട്ടില്ല. ഇതെല്ലാം ജൂലൈ ഒന്നിനു മുമ്പ് വിതരണം ചെയ്യണമെന്നാണ് കരാറുകാരുടെ ആവശ്യം. 10 ശതമാനം മാത്രമാണ് കരാറുകാരുടെ ലാഭമെന്നാണ് സർക്കാർ കണക്ക്. അപ്പോൾ 12 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയാൽ അത് കരാറുകാർക്ക് വലിയ ബാധ്യതയായി മാറും. കുടിശുക തുകയ്ക്ക് ജിഎസ്ടി ചുമത്തിയാൽ കോടതിയെ സമീപിക്കുമെന്നും വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.