കായംകുളം:ജി എസ് ടി ഉദ്യോഗസ്ഥർ സ്വർണ വ്യാപാര ശാലകൾ മാത്രം തിരഞ്ഞുപിടിച്ച് നടത്തുന്ന പരിശോധനകൾ നിർത്തിവയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻറ് സിൽവർ മാർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു.
ഇപ്പോൾ നടത്തുന്ന റെയ്ഡുകൾ ജി എസ് ടി നിയമവ്യവസ്ഥയ്ക്ക് എതിരാണെന്നും ജി എസ് ടി കമ്മീഷണറുടെ സ്പെഷ്യൽ സെർച്ച് വാറന്റ് നിലനിൽക്കുന്നതല്ലന്നും അദ്ദേഹം പറഞ്ഞു.
വാറ്റ് കാലഘട്ടത്തിലേക്കാൾ കൂടുതൽ നികുതിയാണ് ജി എസ് ടി യിൽ സ്വർണ വ്യാപാരികൾ നൽകുന്നതെന്നും കോവിഡ് 19 പശ്ചാത്തലത്തിൽ വ്യാപാര മാന്ദ്യത്തിൽ നട്ടംതിരിയുന്ന സാഹചര്യത്തിൽ കച്ചവടമില്ലായ്മയാണ് നികുതിവരുമാനത്തിൽ കുറവുണ്ടാകുന്നതെന്നും, കേരളത്തിൽ മാത്രമാണ് ഇത്തരം റെയ്ഡ്കൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രവിഹിതം ലഭിക്കുന്നില്ലെന്നതിന്റെ പേരിൽ കേരളത്തിലെ വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനം ശരിയല്ല.നിലവിലുള്ള ജി എസ് ടി നിയമം അനുസരിച്ച് ബില്ലുകളും എല്ലാ റിക്കാർഡുകളുമായി സ്വർണാഭരണം കൊണ്ടു പോകുന്നവരെ പിടിച്ചെടുത്ത് ഒരാഴ്ച്ച കസ്റ്റഡിയിൽ വച്ചിട്ട് നിരുപാധികം വിട്ടയക്കുന്ന തരത്തിലുള്ള പീഡനവും ഉദ്യാേഗസ്ഥർ നടത്തുന്നുണ്ട്.
കള്ളക്കടത്തും അനധികൃത വ്യാപാരവും തടഞ്ഞ് നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിനു പകരം ജി എസ് ടി രജിസ്ട്രേഷൻ എടുത്ത വ്യാപാരികളെ എന്നും ഉപദ്രവിക്കുന്ന സമീപനത്തിൽ നിന്നും ഉദ്യോഗസ്ഥരും സർക്കാരും പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റെയ്ഡ് തുടർന്നാൽ ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്ത് ജി എസ് ടി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം .
യൂണിറ്റ് പ്രസിഡന്റ് എ.എച്ച്.എം.ഹുസൈൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എസ്.സക്കീർ ഹുസൈൻ , ട്രഷറർ മിഥുൻ , അബു ജനത, നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.