ന്യൂഡൽഹി: ഇലക്ട്രോണിക് വേ ബിൽ നടപ്പാക്കിയിട്ടും ഏപ്രിൽ മാസത്തെ വ്യാപാരത്തിനുള്ള ചരക്കുസേവന നികുതി (ജിഎസ്ടി) പിരിവ് കുറവായി. ഏപ്രിലിൽ 1.03 ലക്ഷം കോടി ലഭിച്ച സ്ഥാനത്ത് മേയിൽ കിട്ടിയത് 94,016 കോടി രൂപ മാത്രം.
തലേമാസത്തെ ആഭ്യന്തര വില്പനയുടെയും തന്മാസത്തെ ഇറക്കുമതിയുടെയും നികുതിയാണ് ഓരോ മാസത്തെയും കണക്കിലുള്ളത്.
മേയിലെ തുക കഴിഞ്ഞ ധനകാര്യവർഷത്തെ പ്രതിമാസ ശരാശരിയായ 89,885 കോടിയേക്കാൾ ഗണ്യമായി കൂടുതലാണെന്നു ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധ്യ പറഞ്ഞു. പ്രതിമാസം ഒരുലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി കിട്ടുമെന്നു ബജറ്റിൽ പ്രതീക്ഷ വച്ചിരിക്കുന്നത്.
മേയ് മാസത്തിൽ സിജിഎസ്ടി 15,866 കോടി, എസ്ജിഎസ്ടി 21,691 കോടി, ഐജിഎസ്ടി 49,120 കോടി, സെസ് 7,339 കോടി എന്നിങ്ങനെയാണു പിരിവ്.