ന്യൂഡൽഹി: മാർച്ചിൽ റിക്കാർഡ് കുറിച്ച് ജിഎസ്ടി പിരിവ്. 1,06,577 കോടി രൂപ. ഈ റിക്കാർഡ് പിരിവോടെ 2018-19 ലെ മൊത്തം ജിഎസ്ടി വരുമാനം 11.77 ലക്ഷം കോടി രൂപയിലെത്തി. പ്രതിമാസ ശരാശരി വരുമാനം 98,114 കോടി രൂപയാണ്.
ജിഎസ്ടിയുടെ മൊത്തം പിരിവ് 2018-19 ലെ ബജറ്റിൽ പ്രതീക്ഷിച്ചതിലും വളരെ കുറവായി. എന്നാൽ, 2019-20 ലെ ബജറ്റ് അവതരിപ്പിച്ചപ്പോൾ ജിഎസ്ടിയുടെ 2018-19 ലെ പ്രതീക്ഷ 11.47 ലക്ഷം കോടിയായി ചുരുക്കിയിരുന്നു. ആ പ്രതീക്ഷയിലും കൂടുതലാണ് യഥാർഥ പിരിവ്. എന്നാൽ ആദ്യം ലക്ഷ്യമിട്ടതിൽനിന്ന് ഒന്നര ലക്ഷം കോടി രൂപ കുറവായി.
പ്രത്യക്ഷ നികുതിപിരിവ് 50,000 കോടി രൂപ കണ്ട് കുറവായി. ഇത് ബജറ്റ് കമ്മി വർധിക്കാനിടയാക്കും. ജിഡിപിയുടെ 3.4 ശതമാനമായ 6.35 ലക്ഷം കോടിയിൽ കമ്മി നിർത്തുകയായിരുന്നു ലക്ഷ്യം. അതു സാധ്യമല്ലെന്ന് ഉറപ്പായി. കമ്മി 3.5 ശതമാനമായാൽ വിദേശനിക്ഷേപകർ ഇന്ത്യയെ വിശ്വസിക്കില്ല.