തിരുവനന്തപുരം: നിലവിൽ വാണിജ്യനികുതി വകുപ്പിൽ രജിസ്ട്രേഷനുള്ള വ്യാപാരികളുടെ ജിഎസ്ടി രജിസ്ട്രേഷൻ ജൂണ്‍ ഒന്നിനു പുനരാരംഭിക്കും. ഇതിനാവശ്യമായ പ്രൊവിഷണൽ ഐഡി വാണിജ്യ നികുതി വകുപ്പ് വ്യാപാരികൾക്കു ലഭ്യമാക്കിയിട്ടുണ്ട്. ഏപ്രിൽ 30ന് അവസാനിച്ച ആദ്യ ഘട്ടത്തിൽതന്നെ കേരളത്തിലെ 70 ശതമാനം വ്യാപാരികളും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ അറിയിപ്പു പ്രകാരം ജൂണ്‍ 15 വരെ മാത്രമേ വ്യാപാരികൾക്ക് ജിഎസ്ടി ശൃംഖലയിലേക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ കഴിയൂ.ഇനിയും എൻറോൾ ചെയ്യാനുള്ള വ്യാപാരികൾ എത്രയും പെട്ടെന്ന് അതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വാണിജ്യ നികുതി വകുപ്പ് അഭ്യർഥിച്ചു.
വ്യാപാരികൾ അവരുടെ വ്യക്തിപരവും വ്യാപാര സംബന്ധവുമായ വിവരങ്ങൾ ജിഎസ്ടി ശൃംഖലയിൽ അപ്ലോഡ് ചെയ്ത് എൻറോൾമെന്റ് പൂർത്തിയാക്കാത്ത പക്ഷം ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. അവസാന നിമിഷം വരെ കാത്തിരിക്കാതെ ഉടനടി സംസ്ഥാനത്തെ എല്ലാ വ്യാപാരികളും ജിഎസ്ടി എൻറോൾമെന്റ് പൂർത്തിയാക്കണമെന്നും വാണിജ്യ നികുതി വകുപ്പ് അറിയിച്ചു.