തിരുവനന്തപുരം: ചരക്കുസേവന നികുതിയുടെ രജിസ്ട്രേഷൻ പരിധി കേന്ദ്രമാതൃകയിൽ സംസ്ഥാനവും 40 ലക്ഷം രൂപയാക്കി ഉയർത്തും. രാജ്യത്തേ ചരക്കുസേവന നികുതി രജിസ്ട്രേഷൻ പരിധി 40 ലക്ഷമാക്കി ഉയർത്താൻ നേരത്തെ ചേർന്ന ജിഎസ്ടി കൗണ്‍സിൽ തീരുമാനിച്ചിരുന്നു. ഇത് ഏപ്രിൽ ഒന്നിനു നിലവിൽവരും.
സംസ്ഥാനങ്ങൾക്ക് അവരുടെ സൗകര്യാർഥം തീരുമാനമെടുക്കാമെന്നും അറിയിച്ചിരുന്നു. കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനവും 40 ലക്ഷം രൂപ വരെ വിറ്റുവരവുള്ള വ്യാപാരികളെ ജിഎസ്ടി രജിസ്ട്രേഷനിൽനിന്ന് ഒഴിവാക്കി തീരുമാനം എടുക്കുകയായിരുന്നുവെന്നു ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നിലവിൽ 20 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികളാണു ജിഎസ്ടി രജിസ്ട്രേഷൻ എടുക്കേണ്ടത്.ജിഎസ്ടി റിട്ടേണ്‍ സമർപ്പിക്കുന്നതിന് സങ്കീർണമായ നടപടിക്രമങ്ങളാണ് ഉണ്ടായിരുന്നത്. ഇതു കൂടുതൽ ലളിതവത്കരിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ നിശ്ചയിച്ചു. ലളിതമായ നടപടിക്രമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഏപ്രിൽ മുതൽ നിലവിൽ വരും. ഏപ്രിൽ മുതൽ ഇതു നിർബന്ധമാക്കില്ല. നിലവിലുള്ളതും ഉപയോഗിക്കാം. എന്നാൽ, ജൂലൈ മുതൽ പുതിയ മാതൃകയിൽ മാത്രമേ റിട്ടേണ്‍ സമർപ്പിക്കാൻ അനുവാദമുണ്ടാകൂ എന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.