ന്യൂഡൽഹി: ഓഗസ്റ്റിലെയും സെപ്റ്റംബറിലെയും ജിഎസ്ടി റിട്ടേണുകൾ സമർപ്പിക്കുന്നതിലുണ്ടായ കാലതാമസത്തിനു പിഴ ഒഴിവാക്കി. കേന്ദ്ര ധനമന്ത്രി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചതായി ഗവൺമെന്റ് പത്രക്കുറിപ്പിൽ പറഞ്ഞു.
ജിഎസ്ടി നെറ്റ്വർക്ക് എന്ന കംപ്യൂട്ടർ ശൃംഖലയിലെ പോരായ്മ മൂലമാണ് റിട്ടേണുകൾ സമർപ്പിക്കാൻ കഴിയാതെപോയത്. റിട്ടേൺ വൈകിയതിനുള്ള പിഴ വ്യാപാരി-വ്യവസായികൾ അടയ്ക്കേണ്ടിവന്നു. പിഴ ഒഴിവാക്കി ഉത്തരവായതിനാൽ അടച്ച പിഴത്തുക തിരികെ നല്കും.
ജിഎസ്ടിആർ 3 ബി റിട്ടേൺ നല്കുന്നതിലെ പിഴ ഒഴിവാക്കിയതനുസരിച്ചു സോഫ്റ്റ്വേറിൽ മാറ്റം വരുത്തുന്പോൾ പിഴ നികുതിദായകരുടെ അക്കൗണ്ടിൽ ക്രെഡിറ്റായി മാറും.സെപ്റ്റംബറിലെ ജിഎസ്ടിആർ 3 ബി റിട്ടേണും നികുതിയും അടയ്ക്കാനുള്ള അവസാന ദിനം ഒക്ടോബർ 20 ആയിരുന്നു.
സെപ്റ്റംബറിലെ ജിഎസ്ടി പിരിവ് 92,150 കോടി രൂപയാണ്. കേന്ദ്ര ജിഎസ്ടി (സിജിഎസ്ടി) 14,042 കോടി, സംസ്ഥാന ജിഎസ്ടി 21,172 കോടി, സംസ്ഥാനാന്തര വ്യാപാരത്തിനുള്ള ഐജിഎസ്ടി 24,997 കോടി, ഇറക്കുമതി സാധനങ്ങൾക്കുള്ള ഐജിഎസ്ടി 23,951 കോടി, വാഹനങ്ങൾക്കും പുകയില ഉത്പന്നങ്ങൾക്കും മറ്റുമുള്ള കോംപൻസേഷൻ സെസ് 7,988 കോടി എന്നിങ്ങനെയാണു തരംതിരിവ്.
ഓഗസ്റ്റിൽ 90,699 കോടി, ജൂലൈയിൽ 94,700 കോടി എന്നിങ്ങനെയായിരുന്നു പിരിവ്. ജിഎസ്ടിയിൽ പ്രതീക്ഷിച്ച നികുതിവർധന ഉണ്ടാകുന്നില്ലെന്നാണ് ഇതു കാണിക്കുന്നത്. 86 ലക്ഷത്തിൽപരം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സെപ്റ്റംബറിൽ 42.91 ലക്ഷം പേരേ റിട്ടേൺ സമർപ്പിച്ചിട്ടുള്ളൂ.