നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
സാധാരണ വ്യാപാര ഇടപാടുകളിൽ വില്പനക്കാരൻ അഥവാ വിതരണക്കാരൻ നികുതി ചുമത്തി, കസ്റ്റമറോട് വാങ്ങി, ഗവണ്മെന്റിലേക്ക് അടയ്ക്കുകയാണു പതിവ്. എന്നാൽ, റിവേഴ്സ് ചാർജ് ചുമത്തപ്പെടുന്ന സാഹചര്യങ്ങളിൽ കസ്റ്റമർ അഥവാ ചരക്ക് വാങ്ങുന്ന/സേവനം സ്വീകരിക്കുന്നയാളാണ് നികുതി അടയ്ക്കേണ്ടിവരുന്നത്. ഇതാണ് റിവേഴ്സ് ചാർജ് മെക്കാനിസം എന്ന പേരിൽ അറിയപ്പെടുന്നത്. റിവേഴ്സ് ചാർജ് ബാധകമായ കേസുകളിൽ നികുതിബാധ്യത വരുന്നത് ചരക്ക്/സേവനത്തിന്റെ സ്വീകർത്താവിനാണ്.
ജിഎസ്ടിയിൽ റിവേഴ്സ് ചാർജിനെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നത് വകുപ്പ് 9(3)ലും 9(4)ലും ഐജിഎസ്ടിയിൽ വകുപ്പ് 5(3)ലും 5(4)ലും ആണ്. 9(3)ൽ പറയുന്നത് ജിഎസ്ടി കൗണ്സിലിന്റെ ഉപദേശപ്രകാരം ചില ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിൽ റിവേഴ്സ് ചാർജാണ് ബാധകമാകുന്നതെന്ന് ഗവണ്മെന്റിന് വിജ്ഞാപനം ഇറക്കാമെന്നാണ്.
അങ്ങനെ വരുന്ന സാഹചര്യത്തിൽ ചരക്കിന്റെയോ സേവനത്തിന്റെയോ സ്വീകർത്താവ് ജിഎസ്ടി അടയ്ക്കേണ്ടതായിവരും. വിജ്ഞാപനം ചെയ്ത് സേവനങ്ങൾ സ്വീകരിക്കുന്ന, വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ജിഎസ്ടിയുടെ രജിസ്ട്രേഷനെടുക്കുകയും റിവേഴ്സ് ചാർജ് മെക്കാനിസം മൂലം നികുതി അടയ്ക്കുകയും ചെയ്യണം. (പട്ടിക ശ്രദ്ധിക്കൂ).
പട്ടികയിൽ പറഞ്ഞ സേവനങ്ങൾ കൂടാതെ ഈ ലിസ്റ്റ് വിപുലമാക്കാൻ ഗവണ്മെന്റിന് അധികാരമുണ്ട്. മേൽപ്പറഞ്ഞ സേവനങ്ങളുടെ സ്വീകർത്താവ് ടേണോവർ എത്രയാണെന്നു നോക്കാതെ (20 ലക്ഷം രൂപയിൽ താഴെയാണെങ്കിലും) രജിസ്ട്രേഷൻ എടുക്കേണ്ടതായുണ്ട്.
എന്നാൽ, ജിഎസ്ടിയിലെ 9(4) വകുപ്പനുസരിച്ച് രജിസ്ട്രേഷനുള്ള വ്യക്തികളും സ്ഥാപനങ്ങളും രജിസ്ട്രേഷൻ ഇല്ലാത്ത സപ്ലെയേഴ്സിന്റെ പക്കൽനിന്നും സ്വീകരിക്കുന്ന ചരക്കുകളുടെയും സേവനത്തിന്റെയും നികുതി റിവേഴ്സ് ചാർജ് മെക്കാനിസം മൂലം സ്വീകർത്താവ് അടയ്ക്കണമെന്നാണ്. ഇവിടെ രണ്ടു കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത്.
1) വിതരണക്കാരൻ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള ആളാകരുത്.
2) സ്വീകർത്താവ് രജിസ്ട്രേഷനുള്ള ആളായിരിക്കണം. എന്നാൽ, രജിസ്ട്രേഷൻ ഇല്ലാത്ത വിതരണക്കാരിൽനിന്നു ലഭിക്കുന്ന സപ്ലൈകൾ ഒരു ദിവസം 5,000 രൂപയിൽ താഴെയാണ് വരുന്നതെങ്കിൽ അതിന് റിവേഴ്സ് ചാർജ് ബാധകമല്ല. 5,000 രൂപയ്ക്കു മുകളിലാണു വരുന്നതെങ്കിൽ മൊത്തം വരുന്ന തുകയ്ക്കും റിവേഴ്സ് ചാർജ് അടയ്ക്കേണ്ടതായി വരും. ജിഎസ്ടി ബാധകമല്ലാത്ത സപ്ലൈകളാണ് സ്വീകരിക്കുന്നതെങ്കിൽ മുകളിൽ പറഞ്ഞ 5,000 രൂപയുടെ ലിമിറ്റ് ബാധകമാകുന്നില്ല.
ഉദാഹരണം: ശന്പളം, ഇലക്ട്രിസിറ്റി ചാർജ്, വെള്ളത്തിന്റെ ചാർജ്, പലിശ, പെട്രോൾ, ഡീസൽ, ഗവണ്മെന്റ് ഫീസ്, അച്ചടിച്ച പുസ്തകങ്ങൾ, പോസ്റ്റൽ ചെലവുകൾ മുതലായവ ഇതിൽ ഉൾപ്പെടുന്നില്ല.
എന്നാൽ, താഴെപ്പറയുന്ന ചെലവുകൾ 5000 രൂപയുടെ പരിധിയിൽ വരുന്നതാണ്.വാടക, കമ്മീഷൻ, പ്രിന്റിംഗ് ചാർജ്, സ്റ്റേഷനറി, റിപ്പയർ ചാർജ്, കണ്സൾട്ടൻസി ചാർജ്, പ്രൊഫഷണൽ ഫീസ്, ഓഡിറ്റ് ഫീസ് മുതലായവ. മുകളിൽ പറഞ്ഞിരിക്കുന്നതും റിവേഴ്സ് ചാർജ് ബാധകവുമായ ചരക്കുകളുടെയും സേവനങ്ങളുടെയും സ്വീകർത്താവ് സ്വന്തമായി ബില്ലുണ്ടാക്കേണ്ടതാണ്. പക്ഷേ, ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തിയോ സ്ഥാപനമോ ജിഎസ്ടി രജിസ്ട്രേഷനുള്ള സ്ഥാപനത്തിനു ചെയ്യുന്ന സപ്ലൈകൾ, അവരുടെ ബിസിനസ് അല്ലെങ്കിൽ, അതിന് റിവേഴ്സ് ചാർജ് മെക്കാനിസം ബാധകമാവില്ലെന്ന് സിബിഇസി വ്യക്തമാക്കിയിട്ടുണ്ട്.
ഉദാഹരണമായി, ഒരു വീട്ടമ്മ കുറച്ച് പഴയ സ്വർണം ഒരു സ്വർണക്കടയിൽ കൊണ്ടുപോയി വിൽക്കുന്നു എന്ന് വിചാരിക്കുക. ഇവിടെ സ്വർണവില്പന എന്നത് വീട്ടമ്മയുടെ നിത്യേനയുള്ള ബിസിനസ് അല്ലാത്തതിനാൽ റിവേഴ്സ് ചാർജ് മെക്കാനിസം മൂലമുള്ള നികുതി ബാധകമാകുന്നില്ല.
അതുപോലെതന്നെ പഴയ കാർ ഉടമസ്ഥൻ വേറൊരാൾക്കു വിൽക്കുന്പോഴും അല്ലെങ്കിൽ കാർ വ്യാപാരിക്കു വിൽക്കുന്പോഴും മുകളിൽ സൂചിപ്പിച്ച തത്വമനുസരിച്ച് റിവേഴ്സ് ചാർജ് മെക്കാനിസം മൂലം ജിഎസ്ടി ബാധകമാകില്ല. റിവേഴ്സ് ചാർജ് മെക്കാനിസം മൂലം ഉണ്ടാകുന്ന നികുതിബാധ്യത എല്ലാ മാസവും അടയ്ക്കേണ്ടതും അവ ജിഎസ്ടി റിട്ടേണിൽ ഉൾപ്പെടുത്തേണ്ടതുമാണ്.
റിവേഴ്സ് ചാർജ് മെക്കാനിസം മൂലം അടയ്ക്കുന്ന ജിഎസ്ടിയുടെ ക്രെഡിറ്റ് അടുത്ത മാസത്തെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റായി എടുക്കാവുന്നതും നികുതിബാധ്യതയിൽനിന്നു കുറവു ചെയ്യാവുന്നതുമാണ്. എന്നാൽ, ചെറിയ തുകയ്ക്കുള്ള ഒൗട്ട്പുട്ട് ടാക്സ് വരികയും വലിയ തുകയ്ക്കുള്ള റിവേഴ്സ് ടാക്സ് വരികയും അവ ബിസിനസിനുവേണ്ടി അല്ലാതിരിക്കുകയും വരുന്ന സാഹചര്യങ്ങളിൽ പല സ്ഥാപനങ്ങൾക്കും ഇത് വൻ ബാധ്യതയായി വരാനിടയുണ്ട്.
കൂടാതെ, റിവേഴ്സ് ചാർജ് മെക്കാനിസം മൂലമുള്ള സപ്ലൈകൾ ആകെയുള്ള ടേണോവറിന്റെ കണക്കിൽ ഉൾപ്പെടുത്തേണ്ട. ഇറക്കുമതി ചെയ്യപ്പെടുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും റിവേഴ്സ് ചാർജായി ഐജിഎസ്ടിയാണ് അടയ്ക്കേണ്ടത്. ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാത്തവരിൽനിന്നു സ്വീകരിക്കുന്ന അന്തർസംസ്ഥാന സപ്ലൈകൾ 5,000 രൂപയുടെ ദിവസേനയുള്ള കിഴിവിന് അർഹത നേടുന്നതല്ല.