സ്വന്തം ലേഖകൻ
ചാലക്കുടി: ചാലക്കുടിയിലെ സെൻട്രൽ ജിഎസ്ടി ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ സൂപ്രണ്ടിനെ അറസ്റ്റു ചെയ്ത സംഭവത്തെ തുടർന്ന് ഇന്ത്യയൊട്ടാകെയുള്ള ജിഎസ്ടി ഓഫീസുകൾ സിബിഐ നിരീക്ഷിക്കാനൊരുങ്ങുന്നു.
ചാലക്കുടിയിൽനിന്ന് സൂപ്രണ്ടിനെ സിബിഐ അറസ്റ്റു ചെയ്തതോടെ ജിഎസ്ടി ഓഫീസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന കൈക്കൂലി ഇടപാടുകളെക്കുറിച്ച് പലയിടത്തു നിന്നും പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് ദേശീയതലത്തിൽ തന്നെ ജിഎസ്ടി ഓഫീസുകളിൽ നിരീക്ഷണവും പരിശോധനയും വേണമെന്ന നിർദ്ദേശം സിബിഐ ഉന്നതങ്ങളിലേക്ക് നൽകുന്നത്.
കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഇതു സംബന്ധിച്ച് വൈകാതെ നിർദ്ദേശം നൽകുമെന്നറിയുന്നു. ചാലക്കുടിയിലെ അറസ്റ്റിനെ തുടർന്ന് സിബിഐക്ക് ലഭിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ജിഎസ്ടി ഓഫീസുകളിൽ കോടികളുടെ കൈക്കൂലിക്കളികളാണ് നടക്കുന്നതെന്നാണ് പ്രാഥമിക സൂചന.
ഇന്നലെ ഹോട്ടൽ ഉടമയിൽനിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ചാലക്കുടി സെൻട്രൽ ജിഎസ്ടി ഓഫീസിലെ സൂപ്രണ്ട് നടത്തറ കൈനൂർ വീട്ടിൽ കണ്ണനെ(45)യാണ് സിബിഐ എറണാകുളം വിംഗ് അറസ്റ്റ് ചെയ്തത്. ചാലക്കുടി സൗത്ത് ജംഗ്ഷനിലെ ഗോകുലം ഹോട്ടൽ ഉടമ മേലൂർ അയ്യംകുളം സത്യദാസിന്റെ കയ്യിൽനിന്നും കൈക്കൂലി വാങ്ങന്പോഴായിരുന്നു അറസ്റ്റ്.
കാറ്ററിംഗ് സർവീസ് നടത്തുന്ന സത്യദാസിനോടു നികുതി ഒഴിവാക്കുന്നതിന് അഞ്ചുലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ തുക കുറയ്ക്കണമെന്നു സത്യദാസ് പലതവണ ആവശ്യപ്പെട്ടപ്പോൾ ഒടുവിൽ രണ്ടു ലക്ഷമാക്കി കുറച്ചു.
രണ്ടു ഗഡുക്കളായി പണം നൽകാമെന്നു ധാരണയിലായി. ഇതനുസരിച്ച് കൊരട്ടിയിൽവച്ച് പണം കൈമാറാമെന്നു സത്യദാസ് അറിയിച്ചു. എന്നാൽ ചാലക്കുടിയിൽ സിദ്ധാർഥ ഹോട്ടലിന്റെ സമീപത്തുവരാൻ കണ്ണൻ ആവശ്യപ്പെട്ടു. സത്യദാസ് സിബിഐയെ വിവരം അറിയിച്ചിരുന്നു. ഇതനുസരിച്ച് വൈകീട്ട് ഒരു ലക്ഷം രൂപ കൈമാറുന്പോഴാണ് സിബിഐ പിടികൂടിയത്.
ജിഎസ്ടിയാണെങ്കിൽ 40 ലക്ഷം സെറ്റിൽമെന്റാണെങ്കിൽ അഞ്ചു ലക്ഷം
ചാലക്കുടി ജിഎസ്ടി ഓഫീസിൽ ജിഎസ്ടി അടയ്ക്കാനെത്തുന്നവരോട് കണ്ണൻ പറയുന്ന ഒരു കണക്കുണ്ട്. അടയ്ക്കാനെത്തുന്നവർ പറയുന്ന കണക്കൊന്നും കണ്ണൻ കേൾക്കില്ല. നിങ്ങൾ പറയുന്ന ടേണോവർ ശരിയല്ലെന്നും ഇതൊന്നുമല്ല കണക്കെന്നും കോടികൾ നിങ്ങൾക്ക് വരുമാനമുണ്ടെന്നും അതിനാൽ ജിഎസ്ടിയായി 35-40 ലക്ഷം അടയ്ക്കണമെന്നുമാണ് കണ്ണന്റെ സ്ഥിരം പല്ലവി.
ചാലക്കുടി ജിഎസ്ടി ഓഫീസ് പരിധിയിൽ വരുന്ന കച്ചവടക്കാരും മറ്റും ഇതുകേട്ട് സഹികെട്ടിട്ടുണ്ട്. കണ്ണന്റെ കണക്കെല്ലാം വായുവിലാണെന്നാണ് ഇവർ പറയുന്നത്. ജിഎസ്ടിയായി 40 ലക്ഷം അടയ്ക്കാൻ ആവശ്യപ്പെടുകയും അടച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നുമാണ് കണ്ണൻ ഭീഷണിപ്പെടുത്താറുള്ളത്.
ജിഎസ്ടി ഓഫീസിലെ ദാവൂദ്
സിബിഐ അറസ്റ്റു ചെയ്ത കണ്ണൻ ചാലക്കുടി മേഖലയിലെ കച്ചവടക്കാർക്കും ജിഎസ്ടി ദാതാക്കൾക്കുമിടയിൽ അറിയപ്പെടുന്നത് ജിഎസ്ടി ഓഫീസിലെ ദാവൂദ് എന്നാണ്. അത്രയേറെ ഇയാൾ ജിഎസ്ടി ദാതാക്കളെ പിഴിഞ്ഞ് ബുദ്ധിമുട്ടിച്ചിട്ടുണ്ടത്രെ. പലതവണ പോലീസിലും വിജിലൻസിലും പരാതി കൊടുത്തെങ്കിലും കേന്ദ്ര സർ്ക്കാർ വകുപ്പായതിനാൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും സിബിഐക്ക് പരാതി നൽകാനുമാണ് അവർ നിർദ്ദേശിച്ചത്. പരമാവധി സഹിച്ചും ക്ഷമിച്ചുമാണ് ഒടുവിൽ കാറ്ററിംഗ് ഉടമ സിബിഐക്ക് പരാതി നൽകിയത്.
കൈക്കൂലി ഗഡുക്കളായി തന്നാൽ മതി
കൈക്കൂലി അഞ്ചും ആറും ലക്ഷം ചോദിക്കുന്പോൾ കണ്ണൻ ഒന്നുകൂടി പറയുമത്രെ – ഇത്രയും പണം ഒറ്റയടിക്ക് തരാൻ ബുദ്ധിമുട്ടാണെങ്കിൽ ഗഡുക്കളായി തന്നാൽ മതി. വൻതുക ജിഎസ്ടി ചുമത്തി അതിൽനിന്ന് ഇളവു കിട്ടാൽ അഞ്ചാറു ലക്ഷം കൈക്കൂലിയായി കിട്ടാൻ ബുദ്ധിമുട്ടില്ലെന്ന കണക്കുകൂട്ടലായിരുന്നു കണ്ണന്റെയും കൂട്ടരുടേയും. പെട്ടന്നൊന്നും പിടിയിലാവില്ലെന്നും ഇവർ കരുതി. പുതുക്കാട് ആന്പല്ലൂർ മേഖലയിലെ എട്ടു കാറ്ററിംഗ് ഉടമകളിൽനിന്ന് ഇത്തരത്തിൽ ലക്ഷങ്ങൾ കണ്ണൻ കൈപ്പറ്റിയെന്നാണ് പുതിയ പരാതി.
ജിഎസ്ടി വെട്ടിപ്പുകാർക്ക് പ്രിയപ്പെട്ട കണ്ണൻ
ജിഎസ്ടി വെട്ടിപ്പുകാർക്ക് പ്രിയപ്പെട്ട കണ്ണൻ അത്തരക്കാർക്കെതിരെ വരുന്ന പരാതികളെല്ലാം മുക്കാറുണ്ടെന്നും പരാതി. ജിഎസ്ടി ഈടാക്കുന്നില്ലെന്ന് പറഞ്ഞ് ചിലർ ചില ബില്ലുകളടക്കം കൊണ്ടുവന്ന് പരാതിപ്പെട്ടപ്പോൾ അതിനെ നിസാരവത്കരിച്ച് കൂടുതൽ ബില്ലുകൾ കൊണ്ടുവരൂ എന്നുപറഞ്ഞ് മടക്കി അയച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പലരും പറയുന്നു. ജിഎസ്ടി വെട്ടിപ്പുകാർ കൃത്യമായി മാസപ്പടി നൽകുന്നതുകൊണ്ടാണ് ഇത്തരത്തിൽ നടപടിയെടുക്കാതെ ഒഴിവാക്കുന്നതെന്നാണ് ആക്ഷേപം.