സിജോ പൈനാടത്ത്
കൊച്ചി: പൊതുമരാമത്തു ജോലികൾ നടത്തുന്നതിലെ ചരക്കു സേവന നികുതി (ജിഎസ്ടി) ഈടാക്കുന്നതു സംബന്ധിച്ചു സംസ്ഥാന സർക്കാരും കരാറുകാരും തമ്മിലുള്ള തർക്കം പരിഹാരമാകാതെ തുടരുന്നു. സർക്കാർ വകുപ്പുകളിലെ മരാമത്തു ജോലികളിൽ ഗുണഭോക്താവും സേവനദാതാവും ആരെന്നതു സംബന്ധിച്ച അവ്യക്തതയാണു തർക്കത്തിനിടയാക്കുന്നത്.
നിലവിൽ സർക്കാർ മരാമത്തു ജോലികൾക്കു ജിഎസ്ടി ഇനത്തിൽ വരുന്ന 12 ശതമാനം കരാറുകാർ നൽകണമെന്നതാണു വ്യവസ്ഥ. ജോലികൾക്കാവശ്യമായ സാധനസാമഗ്രികളിലും സേവനങ്ങളിലുമായാണ് ഈ നികുതി ഈടാക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകളിൽ ചെയ്യുന്ന നിർമാണ ജോലികളുടെ ഗുണഭോക്താക്കൾ എന്ന നിലയിൽ സർക്കാരാണു ജിഎസ്ടി നൽകേണ്ടതെന്നു കരാറുകരാർ ചൂണ്ടിക്കാട്ടുന്നു.
സർക്കാരിനായി കരാർ അടിസ്ഥാനത്തിൽ ജോലികൾ ചെയ്തുനൽകുന്ന തങ്ങൾ സേവനദാതാക്കളാണ്. ജിഎസ്ടി തത്വങ്ങളിൽ വ്യക്തമാക്കുന്നതുപോലെ ഗുണഭോക്താക്കളിൽ നിന്നാണു നികുതി ഈടാക്കേണ്ടതെന്ന വ്യവസ്ഥ വിവിധ സർക്കാർ വകുപ്പുകൾ അട്ടിമറിക്കുകയാണെന്നു കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണന്പിള്ളി പറഞ്ഞു.
മരാമത്തു ജോലികൾ പൂർത്തിയായാൽ കരാർ തുകയ്ക്കൊപ്പം കരാറുകാരനു ജിഎസ്ടി ഇനത്തിൽ ചെലവായ തുക കൂടി നൽകണമെന്നു വ്യക്തമാക്കി സംസ്ഥാന ധനകാര്യ വകുപ്പ് കഴിഞ്ഞ ഡിസംബറിൽ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം വിദ്യുഛക്തി വകുപ്പിലെ ജോലിൾക്ക് ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാണു കരാറുകാർക്കു തുക നൽകുന്നത്. മറ്റു വകുപ്പുകൾ സർക്കുലറിലെ നിർദേശം പാലിക്കാൻ തയാറായിട്ടില്ലെന്നാണു കരാറുകാരുടെ ആക്ഷേപം.
സർക്കുലർ പുറത്തിറങ്ങിയ ശേഷവും വിജ്ഞാപനം ചെയ്ത ടെണ്ടറുകളിൽ ജിഎസ്ടി കരാറുകാർ തന്നെ നൽകണമെന്ന വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ധനവകുപ്പിന്റെ സർക്കുലർ ചീഫ് എൻജിനിയർമാർ അവഗണിക്കുകയാണെന്നും ജിഎസ്ടി വിഷയത്തിൽ ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ടു ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
രണ്ടു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഉത്തരവു പുറത്തിറക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടാകുന്നില്ലെന്നു കരാറുകാർ ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടി നിലവിൽ വന്നശേഷം നികുതി ചട്ടങ്ങൾ മാറിയതിനാൽ, 2017 ജൂലൈ ഒന്നിനു മുന്‍പു ടെണ്ടർ ചെയ്ത ജോലികളിൽ തങ്ങൾക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ടും കരാറുകാർ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.