തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് നികുതി നല്‍കിയില്ലെന്ന മാത്യു കുഴല്നാടന് എംഎല്‍എയുടെ പരാതി ധനകാര്യ വകുപ്പ് പരിശോധിക്കും.
വീണാ വിജയന്റെ എക്സലോജിക് ഐടി കമ്പനി കെഎംആര്എലില്നിന്നു കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചിട്ടില്ലെന്നായിരുന്നു മാത്യു കുഴല്നാടൻ പത്രസമ്മേളനത്തിൽ ആരോപിച്ചത്.
വീണാ വിജയന് ജിഎസ്ടി നികുതി അടച്ചെങ്കില്‍ രേഖ പുറത്ത് വിടണമെന്ന ആവശ്യമുന്നയിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് കുഴൽനാടൻ ഇമെയിലായാണ് പരാതി അയച്ചത്.
പരാതി കിട്ടിയതായി ധനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. നികുതി സംബന്ധിച്ച പരാതിയായതിനാല് നികുതിവകുപ്പിന് ഇത് കൈമാറും.
മന്ത്രി ഞായറാഴ്ച ഓഫീസിൽ എത്താതിരുന്നതിനാൽ ഇന്ന് ഓഫീസിലെത്തുന്ന മന്ത്രി പരാതി നികുതി വകുപ്പിന് കൈമാറും. വീണയുടെ കമ്പനി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് കര്‍ണാടകയിലാണ്.
അതിനാല്‍തന്നെ മാത്യു കുഴല്‍നാടന്റെ പരാതിയില്‍ സംസ്ഥാന ധനകാര്യ വകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്നത് പ്രസക്തമാണ്.
അന്തര്‍സംസ്ഥാന വ്യാപാരവും സേവനവും നടത്തുന്ന കമ്പനികള്‍ അടയ്ക്കേണ്ടത് ഐജിഎസ്ടി ആണ്. ഇന്റഗ്രേറ്റഡ് ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംസ്ഥാനത്താണ് ഒടുക്കേണ്ടത്.
ആ നികുതി കേന്ദ്രപൂളിലേക്ക് പോകുകയും അവിടെനിന്ന് സാധനവും സേവനവും എത്തിയ സംസ്ഥാനങ്ങള്‍ നികുതി വിഹിതം വീതിച്ച് നല്‍കുകയുമാണ് ചെയ്യുന്നത്.
ഐജിഎസ്ടി അടയ്ക്കുന്നതില്‍ കമ്പനികള്‍ വീഴ്ചവരുത്തിയാല്‍ അതത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും നടപടി സ്വീകരിക്കാം.