കാട്ടാക്കട: പുതുവർഷത്തെ വരവേൽക്കാൻ വാറ്റ് ലോബി വീണ്ടും സജീവമായതായി സൂചനകൾ കിട്ടി. വാറ്റ് ചാരായത്തിന് നല്ല ആവശ്യക്കാർ ഉണ്ടെന്നതിനാൽ നല്ല വിലയും കിട്ടും. വിദേശമദ്യത്തിന് വില കൂടിയതിനാലും നാടൻ സാധനങ്ങൾക്ക് ഡിമാൻഡ് കൂടുമെന്നുള്ള കണക്കുകൂട്ടലിലാണ് വാറ്റ് സംഘം.
ഇപ്പോൾ ജിഎസ്ടി എന്ന പേരിലാണ് സാധനം എത്തുക. വനത്തിനകത്തും ചില കേന്ദ്രങ്ങളിലും വാറ്റ് നടക്കുന്നുണ്ട്. ഇതിനായി ഗുണ്ടാപ്പടകളേയും ഏർപ്പാടാക്കിയിട്ടുണ്ട്. ശബ്ദിച്ചാൽ അടിച്ചൊതുക്കുമെന്ന ഭീഷണിയും. അഗസ്ത്യവനം,നെയ്യാർ,പേപ്പാറ തുടങ്ങിയ വന്യജീവി സങ്കേതങ്ങളിലും കാട്ടാക്കട, കുറ്റിച്ചൽ,കള്ളിക്കാട്,അമ്പൂരി, പൂവച്ചൽ തുടങ്ങിയ പഞ്ചായത്തുകളിലും വാറ്റ് ലോബി പിടിമുറുക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓണത്തിന് ആയിരകണക്കിന് ലിറ്റർ ചാരായമാണ് പുറത്തേയ്ക്ക് ഒഴുകിയത്. വിവിധ ബ്രാൻഡ് പേരുകളിൽ നിർമിച്ച വാറ്റ് ഇപ്പോഴും നിർമാണഘട്ടത്തിലാണ്.സ്പിരിറ്റ് കടത്തലാണ് ഇതിന് പുറകിൽ നടക്കുന്ന മറ്റൈാന്ന്. വാറ്റ് ചാരായമാണെന്നാണ് പേര്.
എങ്കിലും അൽപ്പം വാറ്റിയെടുക്കുന്ന ചാരായത്തിൽ ആവശ്യം പോലെ സ്പിരിറ്റ് ചേർക്കും. വേണമെങ്കിൽ അൽപ്പം കളറും. പിന്നെയത് സൂപ്പറാക്കി അവതരിപ്പിക്കും. തലസ്ഥാനത്തേയ്ക്കാണ് വാറ്റ് അധികവും പോകുന്നത്. ആര്യനാട് കോട്ടയ്ക്കകം ഒരു കാലത്ത് വാറ്റ് ചാരായത്തിന് പേര് കേട്ടതാണ്. ഏതാണ്ട് നിലച്ചിരുന്ന നിർമ്മാണം അടുത്തിടെ വീണ്ടും തുടങ്ങി. വളരെ ശക്തമാണ് ഈ ലോബി. ഗൂണ്ടകളും പണവും രാഷ്ട്രീയസ്വധീനവും ചേർന്ന് ഗ്രാമങ്ങളെ വലിച്ചുമുറുക്കുകയാണ് ഈ സംഘം.