ചാലക്കുടി: ടൗണിലെ ചെറുകിട വ്യാപാരികളെ ജിഎസ്ടി ഉദ്യോഗസ്ഥർ ഉപഭോക്താക്കളായി ചമഞ്ഞ് വേട്ടയാടുന്നു. കടകളിൽ നിന്നും ഉപഭോക്താവ് എന്ന വ്യാജേന എത്തി ചില്ലറ സാധനങ്ങൾ വാങ്ങുകയും ബിൽ നൽകിയില്ലെങ്കിൽ 20,000 രൂപ പിഴ അടപ്പിക്കുകയുമാണ് ചെയ്യുന്നത്.
വാങ്ങുന്ന സാധനം കടയിൽ തന്നെ തിരിച്ച് നൽകി കൊടുത്ത പണം തിരികെ വാങ്ങുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഒരു കടയിൽ കയറി ഉദ്യോഗസ്ഥൻ ഉപഭോക്താവായി ചമഞ്ഞ് ഒരു പായ വാങ്ങുകയും ബിൽ നൽകിയില്ലെന്ന് പറഞ്ഞ് 20,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഇങ്ങനെ ചെറുകിട വ്യാപാരികളെ ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥർ കെണിയിൽ കുരുക്കുകയാണ്. ചെറുകിട വ്യാപാരികൾ ജിഎസ്ടി ഈടാക്കുന്നതിന് കംപ്യൂട്ടർ വാങ്ങി ഒരു ജീവനക്കാരനെ ഇതിനുവേണ്ടി നിയമിക്കണമെങ്കിൽ 15,000 രൂപയെങ്കിലും ശന്പളം കൊടുക്കേണ്ടി വരുമെന്ന് വ്യാപാരികൾ പറയുന്നു. പ്രളയം മൂലം വിഷമത അനുഭവിക്കുന്ന വ്യാപാരികൾക്ക് ഭാരിച്ച ചെലവുകൾ താങ്ങാനാവുന്നില്ല.
വ്യാപാര മാന്ദ്യവും അനുഭവിക്കുന്പോഴാണ് ജിഎസ്ടിയുടെ പേരിൽ ചെറുകിട വ്യാപാരികളെ ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നത്. വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്നും ഉദ്യോഗസ്ഥർ പിന്തിരിയണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം സമരരംഗത്ത് ഇറങ്ങേണ്ടി വരുമെന്നും തെരഞ്ഞെടുപ്പിൽ വ്യാപാരികൾ പ്രതികരിക്കുമെന്നും മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് ജോയ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, ജനറൽ സെക്രട്ടറി ജോബി മേലേടത്ത്, ബിജു മാളക്കാരൻ, റെയ്സണ്‍ ആലുക്ക തുടങ്ങിയവർ പ്രസംഗിച്ചു.