ആലപ്പുഴ: ജി.എസ്.ടി നിയമത്തിലെ അവ്യക്തത മൂലവും റിട്ടേണ്‍ ഫയൽ ചെയ്യുന്നതിലെ പരിചയക്കുറവ് മൂലവും ജൂലൈ മാസത്തെ ജി.എസ്.ടി റിട്ടേണ്‍ സമർപ്പിക്കാൻ കഴിയാത്ത വ്യാപാരികളുടെ മേൽ ചുമത്തിയിരിക്കുന്ന പിഴ പിൻവലിക്കണമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.
ജി.എസ്.ടി നിയമപ്രകാരം ജൂലൈ മാസത്തെ ഇടക്കാല റിട്ടേണ്‍ സമർപ്പിക്കേണ്ടത് കഴിഞ്ഞ 25, 28 തീയതികളിലായിരുന്നു. എന്നാൽ ജി.എസ്.ടി പോർട്ടൽ വഴി ജി.എസ്.ടി.ആർ 3 ബി എന്ന റിട്ടേണ്‍ നിശ്ചിത സമയത്തിനകം സമർപ്പിക്കാൻ വ്യാപാരികളിൽ ഭൂരിഭാഗത്തിനും കഴിഞ്ഞിരുന്നില്ല.
ജി.എസ്.ടി പോർട്ടലിൽ കയറുന്നതിനുള്ള കാലതാമസവും പണം ബാങ്കിൽ നിക്ഷേപിച്ചാൽ ബാങ്കിൽ നിന്നും പോർട്ടലിൽ ക്രഡിറ്റ് ചെയ്യുന്നതിനുള്ള താമസവുമാണ് ഇതിന് കാരണം. കഴിഞ്ഞ ജൂണ്‍ 30 വരെ വ്യാപാരികളുടെ പക്കൽ നീക്കിയിരിപ്പുണ്ടായിരുന്ന സ്റ്റോക്കിൻമേൽ ഇൻപുട്ട് ടാക്സ് ലഭിക്കുന്നതിനുള്ള ട്രാൻ-1 സംവിധാനം ആരംഭിച്ചതുതന്നെ കഴിഞ്ഞ 21നായിരുന്നു.
ഇത് സംബന്ധിച്ച് വെബ്സൈറ്റ് വഴിയുള്ള ആദ്യ ക്ലാസ് നടന്നതാകട്ടെ 23നും. ജി.എസ്.ടി പോർട്ടലിലുണ്ടായ പിഴവ് മൂലം നികുതി അടയ്ക്കാൻ കഴിയാത്ത വ്യാപാരികൾ കാലതാമസമുണ്ടായ ഓരോ ദിവസത്തിനും 200 രൂപ നിരക്കിൽ പിഴ നൽകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ഈ സാഹചര്യത്തിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള തീയതികൾ രണ്ടാഴ്ചയെങ്കിലും നീട്ടി നൽകണമെന്നും വ്യാപാരികളുടെ മേൽ ചുമത്തിയ പിഴ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.